ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുൻപേ സോണിയാ ഗാന്ധി വോട്ടർ പട്ടികയിലുണ്ടെന്ന ബിജെപി ആരോപണത്തിൽ തിരിച്ചടിച്ച് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. അമിത് മാളവ്യ പുറത്ത് വിട്ട രേഖ വ്യാജമാണെന്നാണ് വാദം.1980 ൽ അധികാരത്തിൽ ഉണ്ടായിരുന്നത് ജനത പാർട്ടിയായിരുന്നു എന്നും നേതാക്കൾ മറുപടി നൽകി. ഇക്കാര്യത്തിൽ AlCC പ്രതികരിച്ചിട്ടില്ല.
സോണിയ ഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ ഉന്നയിച്ച ആരോപണത്തിനും തൊട്ടുപിന്നാലെ പുറത്തുവിട്ട രേഖയിലും അക്കമിട്ട് മറുപടി നൽകുകയാണ് കോൺഗ്രസ് നേതാക്കൾ. 1992 ൽ നിലവിൽ വന്ന നാഷണൽ ക്യാപിറ്റൽ ടെറിട്ടറി, രേഖപ്പെടുത്തിയ സ്ലിപ് 1980 ൽ എങ്ങിനെ ഉണ്ടായി എന്നാണ് ചോദ്യം. പ്രചരിക്കുന്ന രേഖയിലെ അക്ഷരത്തെറ്റുകളും വ്യാജമാണെന്ന് അതിനു തെളിവായി കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 1980 ലെ വോട്ടർപട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് ചേർത്തിട്ടുണ്ടെങ്കിൽ അതിനുത്തരവാദികൾ അധികാരത്തിൽ ഉണ്ടായിരുന്ന ജനതാ പാർട്ടിയാണെന്നും നേതാക്കൾ ആരോപിക്കുന്നു. എന്നാലിത് ജനതാ പാർട്ടി 1980 ൽ ഇന്ദിരാഗാന്ധിയെ കുടുക്കാൻ തയ്യാറാക്കിയ ചതിയായിരുന്നു എന്നും പരാജയപ്പെടുത്തിയിരുന്നു എന്നും വാദിക്കുന്നവരുണ്ട്. 1980-ലെ കരട് വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയത് അറിഞ്ഞ ഇന്ദിര ഗാന്ധി അപേക്ഷ നൽകി ഒഴിവാക്കിയിരുന്നു. ഇന്ത്യൻ പൗരത്വം ലഭിച്ച ശേഷമാണ് വോട്ടർപട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് ചേർത്തത് എന്നാണ് ചില നേതാക്കൾ പറയുന്നത്. അന്നത്തെ കരട് വോട്ടർപട്ടിക ആകാം ബിജെപി പ്രചരിപ്പിക്കുന്നതെന്ന് വിലയിരുത്തലുകളും ഉണ്ട്.