വോട്ട് കൊള്ള ആരോപണം കോണ്‍ഗ്രസിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമെതിരെ തിരിച്ചുന്നയിച്ച് ബിജെപി. വയനാട്, റായ്ബറേലി അടക്കം മണ്ഡലങ്ങളില്‍ വ്യാജ വോട്ടര്‍മാരുണ്ടെന്ന് ബിജെപി എം.പി അനുരാഗ് ഠാക്കൂര്‍ ആരോപിച്ചു. വയനാട്ടില്‍ 93,949 സംശയമുള്ള വോട്ടര്‍മാരുണ്ട്. ഏറനാട്ടിലെ മൈയ്മുനയ്ക്ക് 152, 135, 115 ബൂത്തുകളില്‍ വോട്ടുണ്ട്. 102 വയസുള്ള ലില്ലിക്കുട്ടിയും 101 വയസുള്ള കമലമ്മയും പുതിയ വോട്ടര്‍മാരാണെന്നും ബിജെപി ആരോപിച്ചു.
സോണിയാ ഗാന്ധിക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പൗര ആകുന്നതിന് മുന്‍പ് സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയിലുണ്ട്. അഖിലേഷ് യാദവ്, അഭിഷേക് ബാനര്‍ജി, എം.കെ.സ്റ്റാലിന്‍ അടക്കം പ്രധാന പ്രതിപക്ഷ നേതാക്കളുടെ മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍മാരുടെ വിവരങ്ങളും അനുരാഗ് ഠാക്കൂര്‍ പുറത്തുവിട്ടു.
തെറ്റായ ആരോപണങ്ങള്‍ മാത്രം ഉന്നയിക്കുന്ന വ്യാജനാണ് രാഹുല്‍ ഗാന്ധിയെന്നും 1952ല്‍ സിപിഐയും കോണ്‍ഗ്രസും സംയുക്തമായി അംബേദ്കറെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. റായ്ബറേലിയിലെ ഒരുവീട്ടില്‍ 47 വോട്ടുകളുണ്ടെന്ന് ആരോപിച്ച അനുരാഗ് ഠാക്കൂര്‍ രാഹുല്‍ രാജിവയ്ക്കുമോയെന്നും ചോദിച്ചു.
അനുരാഗ് ഠാക്കൂറിന്റെ ആരോപണത്തിന് മറുപടിയുമായി ടി.സിദ്ദിഖ് രംഗത്തെത്തി. എല്ലാ അഭ്യാസങ്ങളും ബി.ജെ.പി പയറ്റിയിട്ട് വന്‍ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ജയിച്ച മണ്ഡലമാണ് വയനാട‌്. ആരോപണങ്ങള്‍ ഒന്നും വിലപ്പോവില്ലെന്നും സിദ്ദിഖ് പറഞ്ഞു.