ഇന്ത്യക്കെതിരെ വേണ്ടിവന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്ന പാക് കരസേന മേധാവി അസിംമുനീറിന്‍റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. ആണവ ബ്ലാക്ക്മെയിലിങ്ങിന് വഴങ്ങില്ല. രാജ്യസുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ വക്താവ് പഞ്ഞു. യു.എസിലെ ഫ്ലോറിഡയില്‍ പാക് ഓണററി കോണ്‍സുലേറ്റിന്‍റെ വിരുന്നിലാണ് അസിം മുനീറിന്‍റെ വിവാദ പരാമര്‍ശം.
രണ്ടുമാസത്തിനിടെ രണ്ടാംതവണ യു.എസില്‍ എത്തിയ അസിം മുനീര്‍ അങ്ങേയറ്റം പ്രകോപനകരമായ പരാമര്‍ശങ്ങളാണ് ഇന്ത്യക്കെതിരെ നടത്തിയത്. പാക്കിസ്ഥാന്‍ ആണാവായുധമുള്ള രാജ്യമാണ്. യുദ്ധത്തില്‍ പരാജയപ്പെടുന്ന ഘട്ടമെത്തിയാല്‍ ലോകത്തിന്‍റെ പകുതിതന്നെ ഇല്ലാതാക്കാന്‍ സാധിക്കും. സിന്ധുനദിയില്‍ അണക്കെട്ട് പണിതാല്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കും. സിന്ധുനദി ഇന്ത്യയുടെ കുടുംബസ്വത്തല്ല എന്നും അസിം മുനീര്‍ പറഞ്ഞു. ആണവരാജ്യമായ പാക്കിസ്ഥാന്‍ എത്രത്തോളം നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് ഈ പ്രതികരണത്തിലൂടെ ലോകത്തിന് മനസിലാക്കാമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
സൈന്യം, ഭീകര സംഘടനകളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്ത് ആണവായുധങ്ങള്‍ വിനാശകരമാകുമെന്ന ആശങ്ക ശക്തിപ്പെടുന്നു. മറ്റൊരു സൗഹൃദരാജ്യത്തുവച്ചാണ് ഇത്തരം പരാമര്‍ശം എന്നത് ഖേദകരമാണ് എന്നും വിദേശകാര്യ മന്ത്രാലം പ്രസ്താവനയില്‍ വ്യക്തമാക്കി.