ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും  ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം സ്വന്തം കുഴിതോണ്ടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ചു. നരേന്ദ്രമോദിയുടെ നേതൃത്വത്തെ എന്‍ഡിഎ  പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം പ്രശംസിച്ചു. രാജ്യസഭയില്‍ ഭരണ–പ്രതിപക്ഷ വാക്പോര്‍ സകലപരിധിയും വിട്ടു.

ഓപ്പറേഷന്‍ മഹാദേവിന്‍റെ പശ്ചാത്തലത്തില്‍ ഹരഹരമഹാദേവ് വിളികളുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ എന്‍ഡിഎ എംപിമാര്‍ സ്വീകരിച്ചത്. മോദിയുടെ കരത്തുറ്റ നേതൃത്വത്തെ യോഗം പ്രശംസിച്ചു. തുടര്‍ച്ചയായി പാര്‍ലമെന്‍റ് നടപടികള്‍ തടസപ്പെടുത്തുന്ന പ്രതിപക്ഷം സ്വന്തം കുഴിതോണ്ടുകയാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. അതേസമയം ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ പ്രത്യേക ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിഷോധിച്ചു. ലോക്സഭയിൽ സ്പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നെങ്കിലും നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു.   

സഭക്കുള്ളില്‍ സിഐഎസ്എഫനെ ഇറക്കിയത് മല്ലികാര്‍ജുന്‍ ഖര്‍ഗെ ചോദ്യം ചെയ്തത്രാജ്യസഭയിൽ ശക്തമായ വാക്പോരിന് ഇടയാക്കി. പ്രതിപക്ഷം സഭയെ അരാജകത്വത്തിലേക്ക് നയിക്കുന്നുവെന്ന് മന്ത്രി ജെ.പി നഡ് ഡ കുറ്റപ്പെടുത്തി. പ്രതിഷേധം ജനാധിപത്യപരമായ അവകാശമാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവ് സഭയുടെ അന്തസ് ഇല്ലാതാക്കുന്നു എന്ന് മന്ത്രി കിരൺ  റിജിജു പറഞ്ഞതോടെ വൻ ബഹളമായി. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നീട്ടാനുള്ള പ്രമേയം രാജ്യസഭ പാസാക്കി.

ENGLISH SUMMARY:

Both houses of Parliament were adjourned for the day following opposition protests demanding a discussion on the revision of the Bihar voter list. Prime Minister Narendra Modi mocked the opposition, saying they are digging their own grave. The NDA parliamentary party meeting praised Modi's leadership. A heated exchange between the ruling and opposition benches pushed the Rajya Sabha debate to its limits.