ഗുജറാത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയരായ 741 രോഗികളുടെ മരണം സംശയത്തില്‍. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്നി ഡിസീസസ് ആൻഡ് റിസർച്ച് സെന്‍ററില്‍(ഐകെഡിആർസി) സ്റ്റെം സെൽ തെറാപ്പിക്ക് വിധേയരായ 2,352 പേരില്‍ 741രോഗികളാണ് മരിച്ചത്.
1999 നും 2017 നും ഇടയിൽ 2,352 രോഗികളിൽ സ്റ്റെം സെൽ തെറാപ്പി നടത്തിയെന്നും അതില്‍ 741 പേര്‍ മരിച്ചതില്‍ നടപടി വേണമെന്നും സിഎജി റിപ്പോര്‍ട്ട് ഉദ്ധരിച്ച് കോണ്‍ഗ്രസ് ആരോപിച്ചു. 91% കേസുകളിലും സ്റ്റെം സെൽ തെറാപ്പി പരാജയപ്പെട്ടുവെന്നും സിഎജി റിപ്പോർട്ട് പറയുന്നു. 569 രോഗികളിൽ വൃക്ക മാറ്റിവയ്ക്കൽ പരാജയപ്പെട്ടു. സ്റ്റെം സെൽ റിസർച്ച് ആൻഡ് തെറാപ്പിക്കുള്ള ഇൻസ്റ്റിറ്റ്യൂഷണൽ കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് ഐകെഡിആർസി ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയതെന്നും സിഎജി നിരീക്ഷിച്ചു.
ക്ളിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിൽനിന്ന് അഹമ്മദാബാദ് കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള വി.എസ്. ഹോസ്പിറ്റലിനെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ കഴിഞ്ഞദിവസം വിലക്കിയിരുന്നു. 2021-2025 കാലത്ത് അംഗീകൃത എത്തിക്സ് കമ്മിറ്റിയുടെ അനുമതിയില്ലാതെ അഞ്ഞൂറോളം രോഗികളിലാണ് ഇവർ 50-ഓളം കമ്പനികളുടെ മരുന്നുപയോഗിച്ച് പരീക്ഷണം നടത്തിയത്. ആശുപത്രികളിൽ അനുമതിയില്ലാതെ നടത്തുന്ന സ്റ്റെംസെൽ തെറാപ്പി പരീക്ഷണങ്ങൾ സംബന്ധിച്ച് സ്വീകരിച്ച നടപടികളറിയിക്കാൻ നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് കഴിഞ്ഞദിവസം നിർദേശം നൽകി.