kharge-tharoor

തുടര്‍ച്ചയായി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ശശി തരൂരിനെ അവഗണിക്കുമെന്ന സൂചന നല്‍കി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. തരൂരിനെ എന്തിന് പേടിക്കണമെന്നു ഖര്‍ഗെ ചോദിക്കുന്നു. ചില ആളുകള്‍ക്ക് മോദിയാണ് മുഖ്യം. കോണ്‍ഗ്രസിന് രാജ്യമാണ് പ്രധാനമെന്നും തരൂര്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച ഖര്‍ഗെ പറഞ്ഞു. എന്നാല്‍ വിവിധ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്‍റെ ബ്യൂട്ടിയെന്ന് കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. പറക്കാന്‍ അനുമതി തേടേണ്ട ആവശ്യമില്ലെന്ന് ശശി തരൂരിന്‍റെ മറുപടിയുമെത്തി.

വിവാദം കെട്ടടങ്ങി എന്ന് തോന്നുമ്പോള്‍ പത്തിരട്ടിയായി കത്തിപ്പടരുക. തരൂരിന്‍റെ കാര്യത്തിലും കോണ്‍ഗ്രസിന്‍റെ പതിവ് രീതിക്ക് മാറ്റമില്ല. പ്രധാനമന്ത്രിയെ പുകഴ്ത്തി തരൂര്‍ എഴുതിയ ലേഖനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഓരോരുത്തരും സംസാരിക്കുന്നത് അവരവരുടെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ആണെന്നും പാര്‍ട്ടി ആരെയും നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഖര്‍ഗെ പറയുന്നു.

ശശി തരൂരിന്‍റെ ഇംഗ്ലീഷ് മികച്ചതാണെന്നും പത്രത്തില്‍ എഴുതിയത് പഠിക്കാന്‍ സമയം വേണമെന്നും തമാശ രൂപേണയും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. നന്നായി ഇംഗ്ലീഷ് അറിയാവുന്നതുകൊണ്ടാണ് തരൂരിനെ പ്രവര്‍ത്തക സമിതി അംഗമാക്കിയത്. എന്നാല്‍ പറയുന്നത് എന്താണെന്ന് അവരവര്‍ക്ക് ബോധ്യമുണ്ടാകണമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. 

ശശി തരൂരിന് അവസരം നൽകിയത് പാർട്ടിയാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പറഞ്ഞു. വിമര്‍ശനങ്ങള്‍ കടുക്കുമ്പോഴും വിട്ടുവീഴ്ചയില്ലെന്ന സൂചന നല്‍കി തരൂരിന്‍റെ പ്രതികരണം സമൂഹമാധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. ' പറക്കാന്‍ ആരോടും അനുമതി തേടേണ്ട. ചിറകുകള്‍ നമ്മളുടേത്, ആകാശം ആരുടെയും സ്വന്തമല്ല' പ്രശസ്തമായ വാക്യം തരൂര്‍ എക്സില്‍ കുറിച്ചു.

ENGLISH SUMMARY:

For some people, Modi is first: Mallikarjun Kharge's swipe at Shashi Tharoor