Prime Minister Narendra Modi greets the gathering during the inauguration and the foundation laying of development programs worth Rs 26,000 crores at an event, in Bikaner on Thursday. (ANI Photo)

Prime Minister Narendra Modi greets the gathering during the inauguration and the foundation laying of development programs worth Rs 26,000 crores at an event, in Bikaner on Thursday. (ANI Photo)

TOPICS COVERED

മൂന്നാം മോദി സര്‍ക്കാര്‍ ഇന്ന് ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അധികാരത്തിലെത്തിയ ദേശീയജനാധിപത്യ സര്‍ക്കാരിന്‍റെ ആദ്യവര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. വഖഫ് ബില്‍ മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെ സംഭവബഹുലമായിരുന്നു ഇത്.

2024 ജനുവരിയില്‍ അയോധ്യയില്‍ ശ്രീരാമപട്ടാഭിഷേകം നടത്തുമ്പോള്‍ നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനം മൂന്നാംതവണയും ഉറപ്പിച്ചിരുന്നു. 400 ന് മുകളില്‍ സീറ്റായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷയും പ്രചാരണവും. ജൂണ്‍ നാലിന് വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ കഥമാറി, അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദും ഉത്തര്‍പ്രദേശും കൈവിട്ടു. നരേന്ദ്രമോദിപോലും വാരാണസിയില്‍ ഒരുഘട്ടത്തില്‍ പിന്നിലായി. ആവേശം ആശങ്കയ്ക്ക് വഴിമാറി. വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ 400 സീറ്റ് പ്രതീക്ഷിച്ച ബി.ജെ.പിക്ക് ലഭിച്ചത് കേവല ഭൂരിപക്ഷത്തിലും 32 സീറ്റ് കുറവ്. സഖ്യകക്ഷികളുടെ സഹായത്തോടെ ഭരണമുറപ്പിച്ചു. ജൂണ്‍ ഒന്‍പതിന് നരേന്ദ്രമോദി മൂന്നാംതവണയും പ്രധാനമന്ത്രി പദത്തിലേക്ക്.

തിരിച്ചടികളില്‍ പാഠംപഠിച്ച ബി.ജെ.പി. കുറവുകള്‍ പരിഹരിക്കാന്‍ സംഘടനാതലത്തിലും ഭരണതലത്തിലും ശ്രമം തുടങ്ങി. ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അതിന് ഫലംകണ്ടു. തിരഞ്ഞെടുപ്പില്‍ ക്രമക്കേടെന്ന കോണ്‍ഗ്രസ് ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നു

വഖഫ് നിയമഭേദഗതിയാണ് പാര്‍ലമെന്‍റില്‍ മൂന്നാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സുപ്രധാന നിയമനിര്‍മാണം. സംയുക്ത പാര്‍ലമെന്‍ററി സമിതി കടന്ന് ലോക്സഭയിലും രാജ്യസഭയിലും റെക്കോര്‍ഡ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ബില്‍ നിയമമായി. ബില്ലിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി വൈകാതെ വിധിപറയും.

12 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയിളവ് നല്‍കിയ ബജറ്റിലൂടെ ധനമന്ത്രി നിര്‍മലാസീതാരാമനും കയ്യടിനേടി. യു.കെ.യുമായും യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായും സ്വതന്ത്ര വ്യാപാരകരാര്‍ ഒപ്പുവച്ചു. യു.എസുമായുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുന്നു. 

രാജ്യത്തെയാകെ മുറിവേല്‍പിച്ച പഹല്‍ഗാം ഭീകരാക്രമണമാണ് ഒരുവര്‍ഷം പിന്നിടുമ്പോള്‍ മൂന്നാംമോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവുംവലിയ വെല്ലുവിളി. രാഷ്ട്രീയം മാറ്റിവച്ച് രാജ്യം ഒറ്റക്കെട്ടായി. ഓപ്പറേഷന്‍ സിന്ദൂറിലൂടെ അതിര്‍ത്തികടന്ന് പാക്കിസ്ഥാന് ശക്തമായ മറുപടി നല്‍കി. ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു, സിന്ധുനദീജല ഉടമ്പടി മരവിപ്പിച്ചതടക്കം നയതന്ത്ര തലത്തിലും സര്‍ജിക്കല്‍ സ്ട്രൈക്ക്.

ഓപ്പറേഷന്‍ സിന്ദൂറിന് താല്‍ക്കാലിക വിരാമമായി. ഇന്‍റലിജന്‍സ് വീഴ്ചയും യു.എസ്. ഇടപെടലും അടക്കമുള്ള വിഷയങ്ങളില്‍ രാജ്യത്തിനകത്തുനിന്ന് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. 11 വര്‍ഷമായി പ്രധാനമന്ത്രി വാര്‍ത്താസമ്മേളനംനടത്താത്തതെന്ത്, സര്‍വക്ഷി സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്ത്, പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ സംശയങ്ങള്‍ക്ക് മറുപടി പറയാത്തതെന്ത്?....  പ്രതിപക്ഷം ചോദിച്ചുകൊണ്ടിരിക്കുന്നു.

ENGLISH SUMMARY:

As the third Modi government marks its first anniversary, the year has been one of contrasts—ranging from the grand Ram Pattabhishekam in Ayodhya to the high-stakes Operation Sindoor. Despite BJP’s expectation of crossing 400 seats, the 2024 Lok Sabha results brought only a slim majority, forcing reliance on NDA allies. Significant developments included the controversial Wakf Bill, increased tax relief in the Union Budget, free trade agreements with Europe and UK, and the bold cross-border Operation Sindoor in response to the Pahalgam terror attack. Yet, questions on internal intelligence lapses and Modi’s media silence continue to spark debates.