ശശി തരൂര്‍.

പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍, ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന സംഘത്തിലേക്കുളള സര്‍ക്കാര്‍ ക്ഷണം ബഹുമതിയായി കരുതുന്നെന്ന് ശശി തരൂര്‍ എം.പി. ദേശതാല്‍പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാറിനില്‍ക്കില്ലെന്നും തരൂര്‍ എക്സില്‍ കുറിച്ചു. അതേസമയം വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന സംഘത്തിലേക്ക് ശശി തരൂരിന്‍റെ പേര് നിര്‍ദേശിക്കാതെ കോണ്‍ഗ്രസ്. 

കോണ്‍ഗ്രസ് നിര്‍ദേശിച്ച നാലുപേരില്‍ തരൂരിന്‍റെ പേരില്ല. ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയ്, സയിദ് നസീര്‍ ഹുസൈന്‍, രാജാ ബ്രാര്‍ എന്നിവരാണ് ജയറാം രമേശ് പുറത്തുവിട്ട പട്ടികയിലുളളത്. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ പ്രതിനിധി സംഘത്തില്‍ തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നു.

അതേസമയം, ശശി തരൂരിനെ പ്രതിനിധിയായി അയയ്ക്കുന്നതിനെ  സ്വാഗതം ചെയ്ത് കെപിസിസി. മോദി സര്‍ക്കാരിന്‍റെ പിഴവുകള്‍ തിരുത്തി രാജ്യത്തിന്‍റെ നിലപാട് അവതരിപ്പിക്കാന്‍ തരൂരിന് കഴിയും.ബിജെപി നേരിടുന്ന പ്രതിഭകളുടെ കുറവാണ് തരൂരിനെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും കെപിസിസി വ്യക്തമാക്കി

പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുളള സര്‍ക്കാരിന്റെ നയതന്ത്രനീക്കവുമായി സഹകരിക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി സര്‍ക്കാര്‍ സംസാരിച്ചത് പേരുകള്‍ പുറത്തുവന്നശേഷം മാത്രമാണ്. സംഘാംഗങ്ങളെ കുറിച്ച് കേന്ദ്രം അതാത് പാര്‍ട്ടികളോട് നേരത്തെ ആലോചിക്കേണ്ടിയിരുന്നെന്നും ബ്രിട്ടാസ്  പറഞ്ഞു.

ENGLISH SUMMARY:

MP Shashi Tharoor stated on X that he considers the government’s invitation to be part of the delegation sent abroad to garner international support against Pakistan as an honour. He emphasized that he will not stand aside when it comes to matters of national interest. However, the Congress party did not recommend Tharoor’s name for the delegation.