zeeshan-siddique

Image Credit: Facebook

കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിക്ക് നേരെയും വധഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണിസന്ദേശം എത്തിയതെന്ന് മുംബൈ പൊലീസ് അറിയിച്ചു. അച്ഛൻ കൊല്ലപ്പെട്ടതുപോലെ തന്നെ മകനും കൊല്ലപ്പെടുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. 10 കോടി രൂപയും ഭീഷണി സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ ആറുമണിക്കൂറിലും ഇത്തരത്തിലുള്ള ഭീഷണിസന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുമെന്നും ഇ-മെയിൽ സന്ദേശത്തിലുണ്ട്.

മെയിൽ വഴിയാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്നും 10 കോടി രൂപ ആവശ്യപ്പെട്ടെന്നും സീഷാൻ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ടെന്നും തന്‍റെ മൊഴി രേഖപ്പെടുത്തിയതായും സീഷാൻ അറിയിച്ചു. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ കുടംബം അസ്വസ്ഥരാണെന്നും സീഷാന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മുതിർന്ന എൻസിപി നേതാവ് ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചത്. ബാന്ദ്ര ഈസ്റ്റിലെ സിദ്ദിഖിയുടെ മകന്റെ ഓഫിസിന് അടുത്തുവച്ചാണ് ബാബ സിദ്ദിഖിക്ക് വെടിയേറ്റത്. ഓട്ടോറിക്ഷയിൽ വന്ന അക്രമികൾ അദ്ദേഹത്തിനുനേർക്ക് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാബ സിദ്ദിഖിയെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ മുഖ്യപ്രതി ശിവകുമാര്‍ ഗൗതം ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ENGLISH SUMMARY:

Baba Siddique’s Son Zeeshan Siddique Receives Death Threat