Andhra Pradesh Chief Minister N Chandrababu Naidu (ANI)

Andhra Pradesh Chief Minister N Chandrababu Naidu (ANI)

ഇന്ത്യൻ രാഷ്ട്രീയത്തിലെ അത്ഭുതക്കുട്ടി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി നാറാ ചന്ദ്രബാബു നായിഡുവിന് 75 വയസ്. തൊണ്ണൂറുകളുടെ മധ്യത്തിൽ അസ്ഥിരമായി ആടിയുലഞ്ഞ ഇന്ത്യൻ ജനാധിപത്യത്തിൽ പ്രധാനമന്ത്രിമാരെ നിശ്ചയിച്ചതും വാഴിച്ചതും ചന്ദ്രബാബു നായിഡുവാണ്. നായിഡു യുഗം അവസാനിച്ചെന്ന് രാഷ്ട്രീയ നിരീക്ഷകർ എഴുതിയിരിക്കെ, കഴിഞ്ഞവർഷം വീണ്ടും അധികാരത്തിലേക്ക് നടന്നുകയറിയ നായിഡു മൂന്നാമൂഴത്തിന് കേവല ഭൂരിപക്ഷം പോലും നേടാനാകാത്ത നരേന്ദ്രമോദിക്ക് മുൻപിൽ, മോദി കാലത്ത് തന്നെ കിങ് മേക്കറായി. 

തൊണ്ണൂറുകളിൽ മുഖ്യമന്ത്രിമാർക്ക് ബെഞ്ചുമാർക്കായി തീർന്ന രാഷ്ട്രീയനേതാവ്. കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച് തെലുങ്ക് സിനിമാ ഇതിഹാസമായ എൻ.ടി.ആറിന്റെ മരുമകനായി ടി.ഡി.പിയിലെത്തി എൻ.ടി.ആറിനെ അട്ടിമറിച്ച് പാർട്ടിയുടെ തലപ്പത്ത് എത്തി രണ്ടുതവണ ഐക്യ ആന്ധ്രാപ്രദേശിന്റെയും രണ്ടുതവണ വിഭജിക്കപ്പെട്ട് ആന്ധ്രയുടെയും മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ കഥ വേറിട്ട ഒന്നാണ്.

യഥാർഥ മുതൽവൻ

അർജുൻ നായകനായ സൂപ്പർഹിറ്റ് സിനിമയാണ് ‘മുതൽവൻ’. മുഖ്യമന്ത്രിക്കസേരയിൽ ഒരുദിവസം ഇരിക്കാൻ അവസരം കിട്ടുന്ന അർജുന്റെ ഭരണപാടവമാണ് സിനിമയുടെ ഇതിവൃത്തം. അതിന്റെ വൺലൈൻ അന്വേഷിച്ചുപോയാൽ ചന്ദ്രബാബു നായിഡുവിന്റെ പടിക്കൽ എത്തും. 1995-2004 കാലത്ത് രണ്ട് ടേമുകളിലായി നായിഡു മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ പദ്ധതികളാണ് ആന്ധ്രാപ്രദേശ് വികസനത്തിനും പല മുഖ്യമന്ത്രിമാർക്കും പിന്നീട് വഴികാട്ടിയായത്. 

അധ്യാപകരുടെ വേനലവധി വെട്ടിക്കുറച്ച് അവരോട് ‘സ്വർണ്ണാന്ധ്രാപ്രദേശ്’ പദ്ധതിയുടെ കീഴിൽ ശുചീകരണത്തിനിറങ്ങാൻ നായിഡു നിർദേശിച്ചത് വൻ ഒച്ചപ്പാടുണ്ടാക്കി. പൊതുയിടങ്ങളിലെ ശുചിമുറികൾ വൃത്തിയാക്കാൻ മുഖ്യമന്ത്രി തന്നെ മിന്നൽ പരിശോധനകളുമായി മുന്നിട്ടിറങ്ങി. പതിറ്റാണ്ടുകൾക്കിപ്പുറം മോദി സ്വച്ഛ് ഭാരത് നടപ്പാക്കിയപ്പോൾ ചിലരെങ്കിലും നായിഡുവിനെ അനുകരിക്കുകയാണെന്ന് പറഞ്ഞു.

മണ്ഡൽ പ്രജാപരിഷദ് ഓഫിസുകളിൽ വിഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി ജനങ്ങളുടെ പരാതികൾ നേരിട്ടുകേട്ടു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ജനങ്ങൾ തുറന്നുകാട്ടിയപ്പോൾ, മുതൽവന്‍ സിനിമയിൽ കാണിച്ചത് പോലെ അപ്പപ്പോൾ സസ്പെൻഷൻ ഓർഡറുകൾ പുറപ്പെടുവിച്ചത് കയ്യടി നേടി. 

ഹൈദരാബാദ്- സിക്കരന്ദരാബാദ് ഇരട്ട നഗരത്തിൽ മൂന്നാമത് ഒരു നഗരമുണ്ടാക്കി നായിഡു; സൈബരാബാദ്. വൻകിട ഐ.ടി ഭീമന്‍മാരെ അവിടെ എത്തിച്ച് ഹൈദരാബാദിന് ഭൂപടത്തിൽ പ്രത്യേകം സ്ഥാനമുറപ്പിച്ചു. ഡൽഹിയിലേക്ക് എത്തിയ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്‍റനും ബിൽ ഗേറ്റ്സുമൊക്കെ നായിഡുവിനെ കാണാൻ പ്രത്യേക താൽപര്യം കാട്ടിയ നാളുകൾ. രണ്ടാം ടേമിലെ ഈ നാളുകളിൽ തന്നെയാണ് സാധാരണക്കാരുമായുള്ള നായിഡുവിന്റെ ബന്ധം നഷ്ടപ്പെടുന്നതും പദയാത്രയിലൂടെ വൈ.എസ്.ആർ ആ വിശ്വാസം ആർജ്ജിച്ചതും അധികാരം പിടിച്ചെടുത്തതും. 

മൻ കീ ബാത്തും ‘മനസുലോ മാട്ട’യും

2014ൽ പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി തുടങ്ങിയ പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയുടെ പേരാണ് മൻ കീ ബാത്ത് (മനസിന്റെ വർത്തമാനം). 2012ൽ നായിഡു എഴുതിയ പ്രസിദ്ധമായ പുസ്തകത്തിന്റെ പേര് - മനസുലോ മാട്ട (മനസിന്റെ വർത്തമാനം) എന്നാണ്. 

ysr-chandrababu-naidu

വൈഎസ്ആറും നായിഡും; കോൺഗ്രസിലെ ‘ബെസ്റ്റീസ്’ 

ആന്ധ്രാ നിയമസഭയിൽ ഒരിക്കൽ വൈ.എസ്.രാജശേഖര റെഡ്ഡിയും ചന്ദ്രബാബു നായിഡുവും കൊമ്പുകോർത്തു. വാക്പോര് കൂടിയപ്പോൾ, വൈ.എസ്.ആർ അതിരുകൾ ലംഘിച്ചു പറഞ്ഞു: ‘നിനക്ക് അറിയാല്ലോ എന്നെ, നിന്റെ രാഷ്ട്രീയ ജീവിതം ഞാൻ ഇല്ലാതാക്കി കളയും, നിന്റെ അമ്മയുടെ ഗർഭപാത്രത്തിൽ നീ എന്തിന് ജനിച്ചുവെന്ന് തോന്നിപ്പോകും’. വാക്കുകളുടെ മൂർച്ചയിൽ നായിഡുവും വൈ.എസ്.ആറും ഒട്ടും മോശക്കാരായിരന്നില്ല. പക്ഷേ അധികം ആർക്കും അറിയാത്ത ഒന്നാണ് ഇരുവരുടെയും അഭേദ്യമായ സൗഹൃദം. 

ഒരിക്കല്‍ തിരുപ്പതിയിൽ നക്സലുകളുടെ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ചന്ദ്രബാബുനായിഡു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ രണ്ടു മണിക്കൂറിനകം നായിഡുവിനെ കാണാന്‍ വൈ.എസ്.ആർ പ്രത്യേകവിമാനത്തിൽ പറന്നിറങ്ങി. തിരഞ്ഞെടുപ്പ് കാലത്ത് നായിഡുവിനെ കാണാൻ റെഡ്ഡി നടത്തിയ മിന്നൽ യാത്ര ഒഴിവാക്കണമായിരുന്നുവെന്ന് കോൺഗ്രസിനുള്ളിൽ പോലും വിമർശനമുയർന്നിരുന്നു. രാഷ്ട്രീയക്കാരുടെ പതിവ് സന്ദർശനങ്ങൾക്ക് വിപരീതമായി ആശുപത്രിയിൽ നായിഡുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കാൻ ഡോക്ടർ കൂടിയായ വൈ.എസ്.ആർ മെഡിക്കൽ ബോർഡ് യോഗത്തിൽ വരെ പങ്കെടുത്തു. 

അതിന് മുൻപ് വൈ.എസ്.ആർ. തന്റെ പ്രസിദ്ധമായ 1500 കിലോമീറ്റർ പദയാത്ര നടത്തിയപ്പോൾ രാജമണ്ഡ്രിയിൽ വച്ച് കുഴഞ്ഞുവീണെന്ന് അറിഞ്ഞയുടൻ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു ഒരു സംഘം വിദഗ്ധ ഡോക്ടർമാരെ അവിടേക്ക് അയച്ചു. ഡോക്ടർമാരുടെ കൈയ്യിൽ വൈ.എസ്.ആറിന് കൈമാറാൻ നായിഡു ഒരു സന്ദേശവും അയച്ചു. ‘ആരോഗ്യം വീണ്ടെടുക്കുക, യാത്ര തുടരുക’. തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് ഉറപ്പുള്ള യാത്രയെ നായിഡു കണ്ടത് സൗഹൃദക്കണ്ണാടിയിലൂടെയാണ്. 

നായിഡുവും വൈ.എസ്.ആറും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത് 1976ലാണ്, അടിയന്തരാവസ്ഥകാലത്ത്. ഇരുവരും യൂത്ത് കോൺഗ്രസ് നേതാക്കൾ. സമപ്രായക്കാർ. വൈ.എസ്.ആറിനെക്കാൾ ഒൻപത് മാസത്തിന് ഇളയതാണ് നായിഡു. ഇരുവരും സഞ്ജയ് ഗാന്ധിക്ക് പിന്നിൽ അണിനിരന്നു. ആന്ധ്രാ പി.സി.സിയിലെ യുവതുർക്കികളായി അറിയപ്പെട്ടു. പാർട്ടി ആസ്ഥാനത്ത് ഒരു മുറി മതിയെന്ന് ഇരുവരും വാശിപിടിച്ചു. 1978ൽ വൈ.എസ്.ആർ. പുലിവെന്തുലയിൽ നിന്നും നായിഡു ചന്ദ്രഗിരിയിൽ നിന്ന് നിയമസഭയിലെത്തി. 1980ൽ ടി.അഞ്ജയ്യ മന്ത്രിസഭയിൽ ഇരുവരും ഒരേദിവസം മന്ത്രിമാരായി. വൈ.എസ്.ആർ. ഗ്രാമവികസനമന്ത്രിയും നായിഡു സിനിമാ മന്ത്രിയും. ആ വകുപ്പ് കൈകാര്യം ചെയ്തതിലൂടെയാണ് സിനിമാ ഇതിഹാസമായ എൻ.ടി.രാമാറാവുവിന്റെ മകളെ വിവാഹം കഴിക്കുന്നതിലേക്കും തുടർന്ന് 1983ൽ എൻ.ടി.ആർ തെലുഗുദേശം പാർട്ടി രൂപീകരിച്ചപ്പോൾ കോൺഗ്രസ് വിടുന്നതിലേക്കും നായിഡുവിനെ നയിച്ചത്. 

നായിഡുവും വൈ.എസ്.ആറും രണ്ടു ചേരികളിൽ നേതൃപദവികളിൽ ഇരുന്ന് പരസ്പരം പോരടിച്ചത് കൃത്യമായി രണ്ടു പതിറ്റാണ്ട് കാലമാണ്. അപ്പോഴും അവരുടെ സൗഹൃദത്തിന് കോട്ടം തട്ടിയില്ല. ചിലപ്പോഴൊക്കെ അതിരുവിട്ട് കലഹിച്ചു. നിയമസഭയിൽ ഇരുവരുടെയും വാക്കേറ്റങ്ങൾ യൂട്യൂബിൽ ഹിറ്റാണ്. ഇതൊക്കെയാണെങ്കിലും നായിഡു-വൈ.എസ്.ആർ സൗഹൃദം അടുത്ത തലമുറയിലേക്ക് പകർന്നുനൽകാൻ ഇരുവർക്കും കഴിഞ്ഞില്ല. ജഗനും നായിഡുവും അധികാരക്കസേരയിൽ ഇരുന്നപ്പോൾ പരസ്പരം ജയിലിലടക്കുകയാണ് ചെയ്തത്. 

ENGLISH SUMMARY:

At 75, N. Chandrababu Naidu remains a pivotal figure in Indian politics. Once seen as the kingmaker of the '90s, the Andhra Pradesh Chief Minister has returned to power, reclaiming his place as a decisive force even in Modi’s era. From setting benchmarks in governance to reshaping Hyderabad as a tech hub, Naidu’s journey is as cinematic as it is political — and deeply intertwined with the legacy of Y.S. Rajasekhara Reddy.