എസ്ഡിപിഐയിൽ ചെന്നാലും ബിജെപിയിലേക്ക് ഇല്ലെന്ന് പദവിയുടെ പേരില്‍ സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന പത്തനംതിട്ട ജില്ലാക്കമ്മിറ്റിയംഗം എ.പത്മകുമാർ. BJP നേതാക്കളുമായി ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ടാണ് ബിജെപി ജില്ലാ നേതാക്കള്‍ അദ്ദേഹത്തെ വീട്ടിലെത്തി കണ്ടത്
ജില്ലാ പ്രസിഡന്‍റ് വി.എ.സൂരജും,ജില്ലാ ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപുമാണ് വീട്ടിലെത്തി പത്മകുമാറിനെ കണ്ടത്. പതിനഞ്ച് മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. ബിജെപി കോർ കമ്മിറ്റി നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം എന്നാണ് വിവരം. ഈ കൂടിക്കാഴ്ചയാണ് പത്മകുമാർ നിഷേധിച്ചത്. ബിജെപി ജില്ലാ പ്രസിഡന്‍റും മറ്റൊരാളും അനുവാദമില്ലാതെ താൻ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്നു. ഒരുകാലത്തും ബിജെപിയിലേക്ക് ഇല്ല ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് പത്തനംതിട്ട ജില്ലാ പ്രസിഡൻറ് വി എ സൂരജിനെ അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
പത്മകുമാര്‍ പാര്‍ട്ടി വിട്ടുവന്നാല്‍ സ്വീകരിക്കുമെന്ന് നേരത്തെ ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. നാളത്തെ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷമേ കാര്യങ്ങളിൽ വ്യക്തത വരൂ. കോണ്‍ഗ്രസ് നേതൃത്വവും പത്മകുമാറുമായി ബന്ധപ്പെടുന്നുണ്ട്.