ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നിലയില്‍ കേവലഭൂരിപക്ഷവും മറികടന്ന് ബിജെപി ബഹുദൂരം മുന്നില്‍. രാജ്യതലസ്ഥാനത്ത് വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ഒന്നു പൊരുതിയെങ്കിലും പിന്നീട് ആപ്പ് കീഴ്പ്പെട്ടു. പതിറ്റാണ്ടുകൾ ഭരിച്ച ഇന്ദ്രപ്രസ്ഥത്തിൽ ഇക്കുറി കോണ്‍ഗ്രസിന് നേരിയ പ്രതീക്ഷ ബാദ്‌ലി മണ്ഡലമായിരുന്നു.
വോട്ടെണ്ണൽ തുടങ്ങിയ എട്ട് മണി മുതൽ ബാദ്‌ലിയിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ മുന്നേറ്റമായിരുന്നു കണ്ടത്. പക്ഷേ ഒടുവില്‍ ബാദ്‌ലിയിലെ ജനങ്ങളും ‘കൈവിട്ടു’. ബാദ്‌ലി മണ്ഡലത്തില്‍ കോൺഗ്രസിന് വിജയപ്രതീക്ഷ നല്‍കിയ സ്ഥാനാർഥി ദേവേന്ദർ യാദവും രണ്ടാമതായി. ബിജെപിയുടെ ആഹിർ ദീപക് ചൗധരിയാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ദേവേന്ദർ യാദവിനെ പിന്നിലാക്കി ലീഡ് ചെയ്യുന്നത്.
പതിറ്റാണ്ടുകൾ ഭരിച്ച തലസ്ഥാനത്ത് കോൺഗ്രസിന്‍റെ കിതപ്പ് തുടങ്ങിയിട്ട് കാലങ്ങളായി. ഹാട്രിക്ക് ഭരണം നേടിയ ഷീല ദീക്ഷിതിനെ അപ്രസക്തയാക്കിയാണ് അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി പിടിച്ചെടുത്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയുടെ അജേഷ് യാദവ് 29094 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് ബാദ്‌ലി. അന്ന് ഒരൊറ്റ സീറ്റിൽ പോലും 'കൈ' പിടിക്കാത്ത തലസ്ഥാനവാസികൾ ഇക്കുറി ‘കനല്‍ ഒരു തരിയായി’ ബാദ്‌ലി കൈക്കുമ്പിളില്‍ നല്‍കുമെന്ന കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷയും വിഫലമായി.