ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നേറ്റം തുടരുകയാണ്. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറുന്നത്. ഇടയ്ക്ക്  ലീഡ് മുപ്പത് സീറ്റുകള്‍ക്ക് മുകളിലേക്ക് വന്നപ്പോള്‍ ആം ആദ്മി ക്യാംപുകള്‍ ഒന്നുണര്‍ന്നെങ്കിലും ആഹ്ളാദം അധികം നീണ്ടില്ല. ബിജെപി ലീഡ് നാല്‍പത് സീറ്റുകള്‍ക്ക്  മുകളിലെത്തിയതോടെ  എഎപി ഓഫീസ് ശോകമൂകമായി. ഡല്‍ഹിയില്‍ ആദ്യ ലീഡ് പുറത്തുവന്നപ്പോള്‍ തന്നെ ആവേശത്തിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍  കേവലഭൂരിപക്ഷം പിന്നിട്ടതോടെ ആഘോഷം തെരുവുകളിലേക്ക് വ്യാപിച്ചു. കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല.

27 വർഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം താമരക്കുമ്പിളിലാകുമ്പോള്‍ ആംആദ്മി പാര്‍ട്ടി അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിടുന്നത്. എഎപി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരോ നേതാക്കളോ ഇല്ല. ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നെങ്കിലും വലിയ പ്രതീക്ഷയിലായിരുന്നു ആംആദ്മി പ്രവര്‍ത്തകര്‍. ഇത്രയും വലിയ തിരിച്ചടി നേരിടുമെന്ന് പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നില്ല. 

ദേശീയ പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി ഭരണം പിടിച്ചത്. എന്നാൽ ഇക്കുറി വോട്ടെണ്ണൽ തുടങ്ങിയത് മുതല്‍ ആംആദ്മി കിതയ്ക്കുകയാണ്. ന്യൂ ഡൽ​ഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‍രിവാൾ പിന്നിൽ പോയതും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി.

ENGLISH SUMMARY:

As the Delhi Assembly election vote count progresses, BJP crosses the majority mark while AAP faces a historic defeat. Arvind Kejriwal trails in New Delhi. Read more.