image: Sansad TV via PTI Photo
അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങും ചങ്ങലയുമിട്ട് തിരിച്ച് അയച്ചതിനെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. പുതിയതായി ഒന്നും സംഭവിച്ചിട്ടില്ലെന്നും നാടുകടത്തല്‍ ഇതാദ്യമായല്ലെന്നും അദ്ദേഹം പാര്‍ലമെന്‍റില്‍ പറഞ്ഞു. മുന്‍പും വിലങ്ങ് വയ്ക്കാറുണ്ട്. നിയമവിരുദ്ധ കുടിയേറ്റം പാടില്ലാത്തതാണെന്നും നിയമപരമായത് പ്രോല്‍സാഹിപ്പിക്കണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. മുന്‍പ് യു.എസ് നാടുകടത്തിയവരുടെ എണ്ണവും വിദേശകാര്യമന്ത്രി പുറത്തുവിട്ടു.
ഇന്ത്യക്കാരെ നാടുകടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അറിഞ്ഞിരുന്നോയെന്ന് പ്രതിപക്ഷം ചോദ്യമുയര്‍ത്തി. ഇന്ത്യന്‍ എംബസിയെ യുഎസ് ഇക്കാര്യം അറിയിച്ചോയെന്നും അറിയിച്ചിരുന്നുവെങ്കില്‍ എന്തായിരുന്നു സര്‍ക്കാരിന്‍റെ പ്രതികരണമെന്നും ഡിഎംകെ ചോദ്യമുയര്‍ത്തി. 104 പേരെ മടക്കി അയയ്ക്കുന്നത് ഇന്ത്യയെ യുഎസ് അറിയിച്ചിരുന്നു. ഇവരില്‍ പലരും കോണ്‍സുലേറ്റിന്‍റെ സഹായം തേടിയില്ലെന്നും മന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ 3.30 വരെ നിര്‍ത്തിവച്ചു.