ഓഫിസില്‍ മാത്രമല്ല, വീട്ടിലും മലയാളികള്‍, മന്‍മോഹന്‍ സിങ്ങിന്‍റെ കാബിനറ്റില്‍ മാത്രമല്ല, ഓഫിസിലും വീട്ടിലും എല്ലാം അന്ന് മലയാളികള്‍ ഏറെയായിരുന്നു. 26 വര്‍ഷമായി മന്‍മോഹന്‍റെ കൂടെയുള്ള പാലാക്കാരന്‍ ഉള്‍പ്പടെയുണ്ട് ആ ലിസ്റ്റില്‍. എ.കെ.ആന്റണിയും വയലാര്‍ രവിയും ഇ.അഹമ്മദും കെ.വി.തോമസും ശശി തരൂരും മുല്ലപ്പള്ളി രാമചന്ദ്രനും തുടങ്ങി കെ.സി.വേണുഗോപാല്‍ വരെയുള്ള മന്ത്രിമാര്‍.
കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖർ, പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് എം.കെ. നാരായണൻ, വിദേശകാര്യ സെക്രട്ടറി ശിവശങ്കർ മേനോൻ, വാണിജ്യ സെക്രട്ടറി ഗോപാൽ കൃഷ്‌ണപിള്ള, നഗരവികസന സെക്രട്ടറി രാമചന്ദ്രൻ, ആസൂത്രണ കമ്മിഷൻ ഉപദേഷ്‌ടാവ് പോൾ ജോസഫ്, സെക്രട്ടറി സുധ പിള്ള എന്നിങ്ങനെ പോകുന്നു സെക്രട്ടറിമാരുടെ നിര.
ഇതിനു പുറമെ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് സ്‌ഥാനത്തു കെ. ജി. ബാലകൃഷ്‌ണനും ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരിയും രാഷ്ട്രപതിയുടെ സെക്രട്ടറി ക്രിസ്റ്റി ഫെര്‍ണാണ്ടസും അക്കാലത്ത് ഡല്‍ഹിയില്‍ നിര്‍ണായക സ്ഥാനങ്ങളിലുണ്ടായിരുന്നു. ഇതില്‍ അന്നും ഇന്നും തുടരുന്നത് ഒരാള്‍ മാത്രം. കോട്ടയം രാമപുരം സ്വദേശി ജി. മുരളീധരന്‍ പിള്ള എന്ന ജി.എം.പിള്ള.
കഴിഞ്ഞ 26 വർഷമായി മൻമോഹനൊപ്പമുള്ള മുരളി പ്രധാനമന്ത്രിയുടെ ഓഫിസിൽ ഡയറക്‌ടറായിരുന്നു. . 1998ൽ സിങ് രാജ്യസഭയിൽ പ്രതിപക്ഷ നേതാവായപ്പോഴാണ് പിള്ള അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് സിങ്ങിന്റെ വിശ്വസ്‌തനായ സെക്രട്ടറിയായി. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന പത്തു വർഷവും ഒപ്പം തുടർന്നു ആദ്യം ഡപ്യൂട്ടി സെക്രട്ടറിയായും പിന്നെ ഡയറക്‌ടറായും. പാലാ രാമപുരത്ത് ഇടയ്‌ക്കാനാൽ കുടുംബാംഗമായ മുരളി ദേശീയ സുരക്ഷാ സമിതിയിൽ നിന്ന് ഡപ്യൂട്ടേഷനിലാണ് സിങ്ങിനൊപ്പം എത്തിയത്.