സന്ദര്‍ശിക്കാനെത്തുന്ന ജനങ്ങള്‍ കയ്യില്‍ ആധാര്‍ കാര്‍ഡ് കരുതണമെന്ന ബോളിവുഡ് താരവും ബി.ജെ.പി എംപിയുമായ കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ഹിമാചല്‍ പ്രദേശിലെ മന്‍ഡിയില്‍ നിന്നുള്ള എം.പിയാണ് നിലവില്‍ കങ്കണ. തന്നെ കാണാന്‍ വരുന്നവര്‍ എന്താവശ്യത്തിനാണ് വരുന്നതെന്ന് പേപ്പറില്‍ എഴുതി നല്‍കണമെന്നും ആധാര്‍ കാര്‍ഡ് കൈവശമുണ്ടാകണമെന്നും കങ്കണ മാധ്യമപ്രവര്‍ത്തകരോടാണ് പറഞ്ഞത്.
ഹിമാചല്‍ വിനോദ സഞ്ചാരികളുടെ കേന്ദ്രമാണ്. അതുകൊണ്ട് തന്നെ മന്‍ഡിയിലുള്ളവര്‍ ആധാര്‍ കാര്‍ഡ് കൈയില്‍ കരുതേണ്ടതുണ്ട്. മണ്ഡലത്തിലുള്ളവര്‍ എന്താണ് ചെയ്യുന്നതെന്നും തന്നെ കാണാന്‍ വന്നതിന്‍റെ ഉദ്ദേശമെന്താണെന്നും പേപ്പറില്‍ എഴുതണമെന്നും അങ്ങനെയാണെങ്കില്‍ മറ്റ് അസൗകര്യങ്ങളില്ലാതെ കാണാമെന്നുമായിരുന്നു കങ്കണയുടെ വാക്കുകള്‍. സന്ദര്‍ശകപ്രവാഹമായതിനാല്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ തന്‍റെ അടുക്കലെത്താനാണ് ഈ മാര്‍ഗമെന്നും താരം വിശദീകരിച്ചു. നഗരത്തിലുള്ളവര്‍ മന്‍ഡിയിലെ ഓഫിസിലും ഹിമാചലിന്‍റെ വടക്കന്‍ ഭാഗത്തുള്ളവര്‍ മണാലിയിലെ തന്‍റെ വീട്ടിലേക്ക് വന്നാല്‍ മതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരിട്ട് കാണുന്നതാണ് ജോലികള്‍ എളുപ്പമാക്കുന്നതെന്നും കങ്കണ പറഞ്ഞിരുന്നു.
വോട്ട് ചെയ്ത് ജയിപ്പിച്ച് വിട്ട എം.പിയെ കാണാന്‍ ജനങ്ങള്‍ ആധാര്‍ കാര്‍ഡുമായി എത്തണമെന്ന് പറയുന്നത് അല്‍പ്പത്തരമാണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം. തന്‍റെ അടുക്കല്‍ വരുന്ന മന്‍ഡിക്കാര്‍ക്ക് ആധാര്‍ കാര്‍ഡിന്‍റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവും കങ്കണയുടെ എതിര്‍ സ്ഥാനാര്‍ഥിയുമായ വിക്രമാദിത്യ സിങ് പറഞ്ഞു. 'ജനങ്ങളുടേതാണ് ജനപ്രതിനിധി,അതുകൊണ്ട് ഏത് നേരത്തും ജനങ്ങളെ കാണുന്നത് ചുമതലയാണ്. അത് ചെറുതോ വലുതോ, നയപരമോ, വ്യക്തിപരമോ എന്താവശ്യമോ ആകട്ടെ അതിന് തിരിച്ചറിയല്‍ രേഖകളുടെ ആവശ്യമില്ലെന്നും ജനപ്രതിനിധി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മനസുള്ളയാളായിരിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.