ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ എന്‍.ഡി.എ സഖ്യത്തെ പുകഴ്ത്തി നരേന്ദ്രമോദി. സഖ്യത്തിന്‍റേത് ഉലയാത്ത ബന്ധമാണെന്നും ഇത് മഹാവിജയമാണെന്നും എന്‍.ഡി.എ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പറഞ്ഞു. എല്ലാവരോടും തുല്യ സമീപനമാകും സര്‍ക്കാരിനുണ്ടാവുകയെന്നും വികസിത ഇന്ത്യ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്നും എല്ലാവരുടെയും അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ട് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ കേരളത്തെ പ്രത്യേകം പ്രശംസിക്കാനും അദ്ദേഹം തയ്യാറായി. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു ബി.ജെ.പി പ്രതിനിധി ജയിച്ചുവന്നത്. ഒട്ടേറപ്പേര്‍ ബലിദാനികളായെന്നും വിജയം സമീപത്തുണ്ടായില്ലെന്നും തലമുറകള്‍ പ്രയത്നിച്ചെന്നും മോദി പറഞ്ഞു. കര്‍ണാടകയിലും തെലങ്കാനയിലും തിരിച്ചടി മറികടന്നുവെന്നും ദക്ഷിണേന്ത്യ കരുത്തുകാട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷം തിരഞ്ഞെടുപ്പിെന കുറിച്ച് വ്യാജ പ്രചാരണമാണ് നടത്തിയതെന്നും മോദി ആരോപിച്ചു. വോട്ടിങ് യന്ത്രത്തെ കുറിച്ചുള്ള അപവാദ പ്രചാരണം ഇപ്പോള്‍ അവസാനിച്ചു. 10 വര്‍ഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് നൂറ് സീറ്റ് നേടിയില്ല. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയതിനെക്കാള്‍ സീറ്റ് ബി.ജെ.പിക്കുണ്ടെന്നും മോദി പരിഹസിച്ചു.
അതേസമയം, നിതീഷ് കുമാറും തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവും മോദിക്ക് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മുഴുവന്‍ സമയവും മോദിക്കൊപ്പം ഉണ്ടാകുമെന്ന ഉറപ്പാണ് നിതീഷ് കുമാറിന് നല്‍കാനുണ്ടായിരുന്നത്. എന്നാല്‍ നഷ്ടമായ സീറ്റുകള്‍ തിരിച്ചു പിടിക്കുമെന്നും മോദിക്കായി വേണ്ടതെല്ലാം ചെയ്തു നല്‍കുമെന്നും ചന്ദ്രബാബു നായിഡുവും പറഞ്ഞു. ജനങ്ങള്‍ എന്‍.ഡി.എയില്‍ വിശ്വാസമര്‍പ്പിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.