മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. പാര്‍ലമെന്‍റിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് മോദിയുടെ പേര് നിര്‍ദേശിച്ചത്. അമിത് ഷാ പിന്താങ്ങി. എന്‍.ഡി.എ ഒരു കുടുംബമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. മുഴുവന്‍ സമയവും എന്‍.ഡി.എയ്ക്ക് ഒപ്പമുണ്ടാകുമെന്ന് നിതീഷ് കുമാറും ജനങ്ങള്‍ എന്‍.ഡി.എയില്‍ വിശ്വാസമര്‍പ്പിച്ചുവെന്നും നഷ്ടമായ സീറ്റുകള്‍ തിരിച്ചു പിടിക്കുമെന്നും ചന്ദ്രബാബു നായിഡുവും പറഞ്ഞു. വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പമായിരുന്നു ഇരുവരുടെയും സ്ഥാനം. ജെ.ഡി.യുവിനും ടി.ഡി.പിക്കും ഓരോ കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കിയേക്കും. ഇരുപാര്‍ട്ടികള്‍ക്കും രണ്ട് സഹമന്ത്രിസ്ഥാനം വീതവും നല്‍കും.ഏക്നാഥ് ഷിന്‍ഡെ ശിവസേന വിഭാഗത്തിനും ഒരു കാബിനറ്റ് മന്ത്രിപദം നല്‍കും. റെയില്‍വേ വകുപ്പ് വേണമെന്ന ആവശ്യം നിതീഷ് കുമാര്‍ ശക്തമാക്കിയേക്കും. അതേസമയം, മന്ത്രിസഭാ രൂപീകരണത്തില്‍ കാര്യമായ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ബി.ജെ.പി. സ്പീക്കര്‍ പദവിയില്‍ വിട്ടുവീഴ്ച ഉണ്ടായേക്കില്ല.
എന്നാല്‍ ആന്ധ്രയിലെ മുസ്‌ലിം സംവരണ അനുകൂല നിലപാടിൽ ടി.ഡി.പി മാറ്റം വരുത്താത്തത് പ്രതിസന്ധിയായേക്കും. മതാടിസ്ഥാനത്തിലുള്ള സംവരണത്തെ നരേന്ദ്രമോദി എതിര്‍ത്തിരുന്നു. കേരളത്തില്‍ നിന്നുള്ള ഏക ബി.െജ.പി എംപിയായ സുരേഷ് ഗോപിയും കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടായേക്കും. കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രി വേണമെന്ന നേതൃത്വത്തിന്‍റെ നിലപാടിനെ തുടര്‍ന്നാണ് ഈ തീരുമാനം.
വിദേശ രാഷ്ട്രത്തലവന്‍മാര്‍ക്കൊപ്പം ശുചീകരണത്തൊഴിലാളികളും ഉള്‍പ്പടെ ഏഴായിരത്തോളം പേരാകും മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ഡല്‍ഹിയില്‍ എത്തുക. ഉത്തരാഖണ്ഡ് തുരങ്കത്തിൽ രക്ഷാദൗത്യത്തിന്റെ ഭാഗമായ റാറ്റ് മൈനേഴ്സും ചടങ്ങിനെത്തും.