ജനാധിപത്യ ബോധമില്ലാത്തവർ, രാഷ്ട്രീയ പ്രബുദ്ധതയില്ലാത്തവർ, ഊപ്പി എന്ന് പരിഹസിച്ച് നിസാരമായി നാം തള്ളിയ ഉത്തർപ്രദേശ്, ഇന്ന് ഇന്ത്യ സഖ്യം രാജ്യമാകെ പ്രതീക്ഷയുടെ വെളിച്ചമേകുമ്പോൾ അതിന് തിരി തെളിച്ച് മുന്നിൽ നടന്നിരിക്കുന്നത് നാം പരിഹസിച്ച അതേ യുപി തന്നെ. രാജ്യം ആപത്തിലേക്ക് പോകുമെന്ന ഘട്ടത്തിലെത്തുമ്പോഴെല്ലാം അരാഷ്ട്രീയമെന്ന് മുദ്രകുത്തിയ യുപി ഇന്ത്യക്ക് വെളിച്ചം കാണിച്ചിട്ടുണ്ട്, 2024ലും അത് ആവർത്തിക്കുകയാണ്.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഡല്‍ഹിയില്‍ ഇന്ത്യ മുന്നണി യോഗത്തിനെത്തിയ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു.
കൊട്ടിഘോഷിച്ച അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബിജെപിക്ക് തോൽവി, 62 സീറ്റുണ്ടായിരുന്ന ഭരണപാർട്ടി 33 സീറ്റിലൊതുങ്ങി, അഖിലേഷ് യാദവിനൊപ്പം രാഹുൽ ഗാന്ധിയും സൈക്കിൾ ചവിട്ടിയപ്പോൾ ഇന്ത്യ സഖ്യം നേടിയത് 43 സീറ്റ്. ഇത് മാത്രമല്ല യുപി മാജിക്. ഒരു സഖ്യത്തിൻറേയും പിന്തുണയില്ലാതെ ഒരു 36കാരൻ ഒറ്റക്ക് വഴിവെട്ടിതെളിച്ച വിജയവും യുപി ഇന്ത്യക്ക് കാണിച്ചുതരികയാണ്, ഭീം ആർമി സ്ഥാപകനും ആസാദ് സമാജി പാർട്ടി സ്ഥാനാർഥിയുമായ ചന്ദ്രശേഖർ ആസാദ് രാവണിൻറെ വിജയം. ആൾക്കൂട്ട അക്രമത്തിനും കൊലപാതകത്തിനും അകമ്പടിയായി ജയ് ശ്രീറാം വിളികൾ ഉയർന്ന രാജ്യത്ത് തൻറെ രാവണസേനയുമായി ആസാദ് നേടിയ വിജയത്തിന് തിളക്കമേറെയാണ്.
മായാവതിയുടേയും ബിഎസ്പിയുടേയും ജനകീയത ഇടിഞ്ഞിടത്താണ് ബദലായി ചന്ദ്ര ശേഖർ ആസാദ് ഉയർന്നത്. ബിഎസ്പി കയ്യടക്കി വച്ചിരുന്ന നാഗിന സീറ്റിൽ 5,12,552 വോട്ട് നേടിയാണ് ആസാദിൻറെ ജയം, ഒന്നരലക്ഷത്തിലധികം വോട്ടിൻറെ ഭൂരിപക്ഷം, ബിഎസ്പി, എസ്പി, ബിജെപി സ്ഥാനാർഥികളെ പിന്നിലാക്കിയാണ് ആസാദ് വിജയത്തിലേക്ക് കുതിച്ചത്. രണ്ടാമതായ ബിജെപി സ്ഥാനാർഥി ഓം കുമാറിന് സമാഹരിക്കാനായത് 36% വോട്ട് മാത്രം. മൂന്നാമതായ എസ്പി സ്ഥാനാർഥി മനോജ് കുമാറിന് ലഭിച്ചത് 10.22 ശതമാനം വോട്ട്. എസ്പിക്കും പിന്നിൽ നാലാം സ്ഥാനത്തേക്ക് പോയ ബിഎസ്പി സ്ഥാനാർഥി സുരേന്ദ്ര പാൽ സിങ്ങിന് ലഭിച്ചത് 1.33 ശതമാനം വോട്ട് മാത്രം. 20 ശതമാനം ദളിത് വിഭാഗവും 40 ശതമാനം മുസ്ലിം വിഭാഗവുമുള്ള നാഗിനയിൽ ദലിതരുടേയും മുസ്ലിങ്ങളുടേയും വോട്ട് നേടാൻ ആസാദിനായി. നാലു വർഷം മാത്രം പ്രായമുള്ള പാർട്ടിയാണ് സംസ്ഥാനത്തെ പ്രബലരെ വെട്ടി വെന്നിക്കൊടി പാറിച്ചത്.
നാഗിന മണ്ഡലത്തില്‍ നിന്നും ജയിച്ച ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷി റാം) അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് വിജയ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നു..
ഭീം ആർമി എന്ന സംഘടനയുടേയും ആസാദിൻറേയും യാത്രയും വളർച്ചയും എന്നും പ്രക്ഷോഭ മാർഗങ്ങളിലൂടെയായിരുന്നു. 2017 ൽ സഹരൻപൂരിൽ താക്കൂർ സമുദായവുമായുള്ള സംഘർഷത്തിൽ ദലിതർക്കായി ശബ്ദമുയർത്തിയതോടെയാണ് ഭീം ആർമിയേയും അവരുടെ നേതാവായ യുവാവിനേയും രാജ്യം ശ്രദ്ധിച്ചത്. പിരിച്ചുവച്ച മീശ, സൺഗ്ലാസ്, ബുള്ളറ്റിൽ സഞ്ചാരം, പ്രസംഗത്തിലെ അക്രമണോൽസുക ശൈലി, ആസാദിന് അതിവേഗം ആരാധകരുണ്ടായി. ഇന്ന് ചന്ദ്രശേഖർ ആസാദ് എന്ന പേര് രാജ്യമാകെ സുപരിചിതം. ഹത്രാസിൽ പീഡിപ്പിക്കപ്പെട്ട ദലിത് പെൺകുട്ടിക്കായി ഏറ്റവും ഉയർന്നുകേട്ട ശബ്ദം ആസാദിൻറേതായിരുന്നു.
കർഷക പ്രക്ഷോഭത്തിലും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലും സമരമുഖത്ത് ആസാദുണ്ടായിരുന്നു. ദേശീയ പൗരത്വ നിയമത്തിനെതിരായ ഡൽഹി ജുമാ മസ്ജിദിലെ പ്രതിഷേധം, ഭരണകൂടത്തിനെതിരായ പോർമുഖങ്ങളിലെല്ലാം സജീവസാന്നിധ്യമായി ആസാദ്. എന്നാൽ വാക്ചാതുരിയും പ്രശസ്തിയും വോട്ടാവില്ല. രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള പല പ്രമുഖരുടെയും കാര്യത്തിൽ അത് തെളിഞ്ഞതാണ്. വോട്ട് വീഴണമെങ്കിൽ ഗ്രൗണ്ടിലിറങ്ങി പണിയെടുക്കുക തന്നെ വേണം.
2020ൽ ആസാദ് സമാജ് പാർട്ടി രൂപീകരിക്കുന്നതിന് മുമ്പും ശേഷവുമുണ്ടായ അനുഭവങ്ങൾ ജനങ്ങളുടെ പൾസ് മനസിലാക്കുന്നതിൽ ആസാദിനെ സഹായിച്ചു എന്ന് വേണം മനസിലാക്കാൻ. 2022ലെ യുപി നിയമസഭ തിരഞ്ഞെടുപ്പിൽ യോഗിയോട് മൽസരിച്ചേറ്റ പരാജയം അതിലൊന്നാണ്. നാലാം സ്ഥാനത്തേക്കാണ് ആസാദ് പിന്തള്ളപ്പെട്ടത്. എന്നാൽ അടങ്ങിയിരിക്കാൻ അയാൾ തയാറായില്ല. അതേവർഷം തന്നെ നടന്ന ഖതൗലി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആർഎൽഡി സ്ഥാനാർത്ഥിക്ക് വേണ്ടി ആസാദ് പ്രചാരണത്തിനിറങ്ങി. ഫലം വന്നപ്പോൾ ബി.ജെ.പിയെ പിന്നിലാക്കി ആർ.എൽ.ഡി സ്ഥാനാർഥിക്ക് ജയം.