നെഹ്റുവിനും മോദിക്കുമിടയില്‍ താരതമ്യം ഒട്ടുമില്ല. നിലപാടുകളിലും നയസമീപനങ്ങളിലും രണ്ട് ധ്രുവങ്ങളിലുള്ളവര്‍. എന്നാല്‍ 2024ലെ ചരിത്ര വിജയത്തോടെ നരേന്ദ്ര മോദി ജവര്‍ലാല്‍ നെഹ്റുവിന് മാത്രം സ്വന്തമായ ഒരു നേട്ടത്തിനൊപ്പമെത്തി. ഇന്ത്യയില്‍ തുടര്‍ച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകള്‍ ജയിച്ച് പ്രധാനമന്ത്രി പദവി നിലനിര്‍ത്തുകയെന്ന അത്യപൂര്‍വമായ റെക്കോര്‍ഡ്.
ഇന്ത്യയെ സ്വാതന്ത്ര്യത്തിന്‍റെ ആകാശത്തിലേയ്ക്ക് കൈപിടിച്ച് നടത്തിയത് ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി. 1947 ഒാഗസ്റ്റ് 15 മുതല്‍ 1964 മേയ് 27 വരെയാണ് നെഹ്റുവിന്‍റെ ഭരണകാലയളവ്. 1951 ഒക്ടോബര്‍ 25നും 1952 ഫെബ്രുവരി 21നും ഇടയിലാണ് ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത്. 364 സീറ്റുമായി കോണ്‍ഗ്രസ് വിജയിച്ചു. തിരഞ്ഞെടുപ്പിലൂടെ നെഹ്റു പ്രധാനമന്ത്രിയായി. 1957ന് രണ്ടാമത്തെ വിധിയെഴുത്ത്. കോണ്‍ഗ്രസിന്‍റെ അംഗബലം 371 ആയി ഉയര്‍ന്നു. നെഹ്റുവിന്‍റെ ഭരണത്തുടര്‍ച്ച. 1962ല്‍ മൂന്നമാത്തെ പൊതു തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് 361 സീറ്റ്. നെഹ്റുവിന്‍റെ അവസാന ടേം. 1951–52, 1957, 1962 എങ്ങിനെ മൂന്ന് തിരഞ്ഞെടുപ്പുകളിലായി ജയിച്ച് നെഹ്റു പ്രധാനമന്ത്രി പദവിയില്‍. നെഹ്റുവിന്‍റെ ഈ റെക്കോര്‍ഡിനൊപ്പം ആറ് പതിറ്റാണ്ടിനപ്പുറം നരേന്ദ്ര മോദിയെത്തുന്നു. 2014, 2019, 2024 മോദിയുടെ ഹാട്രിക് വിജയങ്ങള്‍. നെഹ്റുവും മോദിയും അഭിമുഖീകരിച്ച രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളും വ്യത്യസ്തമാണ്. ദീര്‍ഘകാലം പ്രധാനമന്ത്രി പദവയിലിരുന്നത് നെഹ്റുവാണ്. 16 വര്‍ഷവും 286 ദിവസവും. മകള്‍ ഇന്ദിര ഗാന്ധി 15 വര്‍ഷവും 350 ദിവസവും. മന്‍മോഹന്‍ സിങ് 10 വര്‍ഷവും എട്ട് ദിവസവും. അടല്‍ ബിഹാരി വാജ്പേയി ആറ് വര്‍ഷവും 80 ദിവസവും. പ്രധാനമന്ത്രി പദവിയില്‍ പത്ത് വര്‍ഷം പിന്നിട്ട മോദി ഭരണകാലയളവില്‍ ആരുടെ റെക്കോര്‍ഡ് തകര്‍ക്കുമെന്നതാണ് ഇനി ഉറ്റുനോക്കുന്നത്.