തനിക്കെതിരായ ആക്രമണം പരാജയ ഭയത്താൽ മനോജ് തിവാരിയുടെ കൂട്ടാളികൾ നടത്തിയതെന്ന് നോർത്ത് ഈസ്റ്റ് ഡൽഹി കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാര്‍. നടപ്പാക്കിയ വികസനമൊന്നും പറയാൻ ഇല്ലാത്തതാണ് ബി ജെ പി സിറ്റിങ് എം പിയെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നും കനയ്യ ആരോപിച്ചു. സ്ഥാനാർത്ഥിക്കെതിരായ ആക്രമണം മണ്ഡലത്തിൽ ഇന്ത്യ മുന്നണി വലിയ ചർച്ചയാക്കിയിട്ടുണ്ട്.
അപ്രതീക്ഷിതമായിരുന്നു കനയ്യക്കെതിരായ ആക്രമണം. ഇന്നലെ നന്ദ്നഗ്രിയിലെ പ്രചാരണത്തിനിടെ പൂമാലയിടാൻ എന്ന വ്യാജേന എത്തിയവരാണ് കനയ്യയെ മർദ്ദിച്ചത്. അക്രമികളെ കോൺഗ്രസ്, ആം ആദ്മി പാർട്ടി പ്രവർത്തകർ തടഞ്ഞതിനാൽ കനയ്യ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കാനാകില്ലെന്ന് ഉറപ്പായതിനാൽ ബിജെപി സ്ഥാനാർഥി മനോജ് തിവാരി എതിരാളികൾക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്ന് കനയ്യ .
അക്രമി മനോജ് തിവാരിയുടെ ഒപ്പം നിൽക്കുന്ന ചിത്രവും കനയ്യ പുറത്തുവിട്ടു. ആക്രമണത്തിന് പിന്നാലെ നിരവധി പേരാണ് കനയ്യയെ തേടി മോജ്പൂരിലെ ഇന്ത്യ മുന്നണി ഓഫീസിലേക്ക് എത്തുന്നത്. സംഭവത്തിൽ കനയ്യ പൊലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. കനയ്യക്ക് ഒപ്പമുണ്ടായിരുന്ന എഎപി വനിതാ നേതാവിനോട് അക്രമികൾ മോശമായി പെരുമാറിയെന്ന പരാതിയും ഉണ്ട്.
കനയ്യ ഭിന്നിപ്പുണ്ടാക്കുന്നുവെന്നും സൈനികര്‍ക്കെതിരെ സംസാരിക്കുന്നുവെന്നും ആക്രമികൾ വിളിച്ചുപറഞ്ഞിരുന്നു. നേരത്തെ മസ്ജിദിൽ കയറി ബഹളമുണ്ടാക്കിയെന്ന കേസിൽ പ്രതികളാണ് അക്രമികൾ എന്നാണ് വിവരം.