മതംമാറി മുസ്ലിം ആയവര്ക്ക് പിന്നാക്ക സമുദായങ്ങള്ക്കുള്ള ഒരു ആനുകൂല്യത്തിനും അര്ഹതയില്ലെന്ന് സുപ്രീംകോടതി. മതം മാറുന്നതിന് മുന്പ് ഹിന്ദു പിന്നാക്ക വിഭാഗത്തില്പ്പെട്ടയാളായിരുന്നു എന്നത് മതംമാറ്റത്തിനുശേഷവും ആനൂകൂല്യങ്ങള് ആവശ്യപ്പെടാനുള്ള യോഗ്യത അല്ലെന്ന് ജസ്റ്റിസ് പ്രശാന്ത് കുമാര് മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര് എന്നിവരുള്പ്പെട്ട ബഞ്ച് വിധിച്ചു. മദ്രാസ് ഹൈക്കോടതിയുടെ സമാന വിധിക്കെതിരെ തമിഴ്നാട് സര്ക്കാര് നല്കിയ അപ്പീല് തള്ളിക്കൊണ്ടാണ് ചരിത്രപരമായ വിധി. Also Read: ചോരയൊലിപ്പിച്ച് 200 മീറ്ററോളം ഓടി വിസ്മയ; പിന്നാലെ അമ്മയും സഹോദരനും; ഈ തക്കത്തില് കുഞ്ഞിനെ കൊന്ന് വിജേഷ്
ഹിന്ദു, സിഖ്, ബുദ്ധമതങ്ങള് പിന്തുടരുന്നവര് ഒഴികെ ആരെയും പട്ടികജാതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രത്യേക സാമൂഹ്യരീതിയുടെ തുടര്ച്ചയായി വന്ന സാമൂഹ്യപിന്നാക്കാവസ്ഥ പരിഹരിക്കാനാണ് പട്ടിക വിഭാഗങ്ങള്ക്കും പിന്നാക്ക വിഭാഗങ്ങള്ക്കും പ്രത്യേക ആനുകൂല്യങ്ങള് നല്കുന്നത്. മതംമാറ്റത്തോടെ സംവരണം ഉള്പ്പെടെയുള്ള ഈ ആനൂകൂല്യങ്ങള്ക്ക് അര്ഹത ഇല്ലാതാകും. പരിവര്ത്തിത മുസ്ലിംകള്ക്ക് സംവരണം നല്കാനുള്ള തമിഴ്നാട് സര്ക്കാര് വിജ്ഞാപനം റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്ശങ്ങള്.
ഹൈക്കോടതി വിധിയില് ഇടപെടേണ്ട ഒരു സാഹചര്യവും നിയമത്തിലോ ഭരണഘടനയിലോ നിന്ന് ഉണ്ടാകുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരു വ്യക്തി ഇസ്ലാം, ക്രിസ്തുമതം അല്ലെങ്കിൽ മറ്റേതെങ്കിലും അഹിന്ദു സാമൂഹിക ക്രമത്തിലേക്ക് മാറിയശേഷം, മുൻപ് ഒരു പ്രത്യേക ഹിന്ദു സാമൂഹിക വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു എന്ന കാരണം കൊണ്ടുമാത്രം ഭരണഘടനയുടെ അനുച്ഛേദം 16(4) പ്രകാരമുള്ള ആനുകൂല്യങ്ങള് അവകാശപ്പെടാനോ നൽകാനോ കഴിയില്ലെന്ന് വിധിയില് പറയുന്നു. മുൻപത്തെ സാമൂഹിക ക്രമത്തിൽ അനുഭവിച്ച പിന്നാക്കാവസ്ഥ കൊണ്ടുമാത്രം, ഒരാൾ സ്വീകരിച്ച പുതിയ മതത്തില് അയാൾക്ക് പിന്നാക്ക പദവി നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.