madras-highcourt

TOPICS COVERED

വീട്ടമ്മയെന്ന പ്രയോഗം പോലെ വീട്ടച്ഛന്‍ എന്ന പദവും സമൂഹത്തില്‍ സ്വാഭാവികമായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. അത്തരമൊരു മാറ്റം വിവാഹം, കുടുംബം എന്നീ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ സഹായിക്കുമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് നിരീക്ഷിച്ചു. ലിംഗഭേദമില്ലാതെ വീട്ടുജോലികള്‍ പങ്കിടുന്നത് ദാമ്പത്യ ബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്നും ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ, ജസ്റ്റിസ് എം.ഡി സുമതി എന്നിവരടങ്ങുന്ന ബഞ്ച് അഭിപ്രായപ്പെട്ടു. ജോലിക്ക് പോകുന്നതിനൊപ്പം വീട്ടുചുമതലകളും തുല്യമായി പങ്കുവെക്കേണ്ടതിന്റെ ആവശ്യകയും കോടതി ചൂണ്ടിക്കാട്ടി. 

ആധുനിക സമൂഹത്തിൽ സ്ത്രീകൾ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും കരിയറിനും പ്രാധാന്യം നല്‍കുന്നവരായി മാറിയെന്നും എന്നാല്‍ പുറത്തെ ജോലിക്ക് പുറമെ പലപ്പോഴും കുടുംബത്തിലെ മുഴുവൻ വീട്ടുജോലികളും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി മാറുന്ന സ്ഥതി സ്ത്രീകളെ ബുദ്ധിമുട്ടിലാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് സ്ത്രീകള്‍ വിവാഹം വേണ്ടെന്ന് വയ്ക്കാന്‍ കാരണമാകുന്നുണ്ടെന്നും കോടതി പറഞ്ഞു. 'ഇന്ന് പല ബന്ധങ്ങളിലും പ്രത്യേകിച്ചും ഐടി സെക്ടറില്‍ സ്ത്രീകള്‍ വിവാഹത്തെ കരിയറിന് വിഘാതമായാണ് കാണുന്നത്. സമൂഹത്തില്‍ അവിവാഹിതരായ സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതിന് ഇതും കാരണമാണ്. ഇത് പരിഹരിക്കേണ്ടതുണ്ട്'- കോടതി വിശദീകരിച്ചു. ഭർത്താക്കന്മാര്‍കൂടി വീട്ടുചുമതലകൾ ഏറ്റെടുക്കുന്ന ഒരു പുതിയ സാമൂഹിക മാറ്റം ഉണ്ടായാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നും ഹോംമേക്കർ എന്ന പദത്തിന് ലിംഗഭേദമില്ലെന്നും കോടതി വ്യക്തമാക്കി.

ഡോക്ടർ ദമ്പതികളുടെ വിവാഹമോചന അപ്പീൽ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ഈ ചരിത്രപ്രധാനമായ നിരീക്ഷണം. കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങളും സാമ്പത്തിക കാര്യങ്ങളും ഒരേപോലെ പ്രധാനപ്പെട്ടതാണെന്ന് നിരീക്ഷിച്ച കോടതി, പങ്കാളികൾ പരസ്പരം ചുമതലകൾ പങ്കുവെക്കുന്നത് കുടുംബസംവിധാനത്തെയും വിവാഹ ബന്ധങ്ങളെയും സംരക്ഷിക്കാൻ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു. 

ENGLISH SUMMARY:

Madras High Court observation highlighted that just as homemakers exist, home-husbands should also become common. This judicial perspective emphasizes that sharing household chores without gender bias strengthens marital bonds and addresses challenges faced by working women.