ജീവനോടെയില്ലാത്ത ഹിന്ദു സ്ത്രീകള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യ അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര ഉത്തരവ്. 2005 സെപ്റ്റംബര്‍ ഒന്‍പതിന് നിലവില്‍ വന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശ (ദേദഗതി) ബില്ലിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. നാലു പെണ്‍മക്കളും ഒരു മകനുമുള്ള മുരുഗദാസ ഗൗണ്ടറുടെ സ്വത്ത് വീതം വയ്ക്കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര വിധി. ഗൗണ്ടറുടെ പെണ്‍മക്കളിലൊരാള്‍ (അന്‍പഴകി) 1998ലും മറ്റൊരു മകളായ സുന്ദരി 2019ലും മരിച്ചു പോയി. 2007ലാണ് ഗൗണ്ടര്‍ മരിച്ചത്. പുതിയ നിയമം അനുസരിച്ച്, അന്‍പഴകി മരിച്ചത് 2005 സെപ്റ്റംബര്‍ ഒന്‍പതിന് മുന്‍പായതിനാല്‍ അവര്‍ക്കോ, അവരുടെ നിയമപരമായ പിന്തുടര്‍ച്ചക്കാര്‍ക്കോ മുരുഗദാസ ഗൗണ്ടറുടെ പാരമ്പര്യ സ്വത്തില്‍ തുല്യ അവകാശം നല്‍കാനാകില്ലെന്നാണ് ജസ്റ്റിസുമാരായ എൻ. സതീഷ് കുമാര്‍ എം. ജ്യോതിരാമന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെ വിധി.
ചില ആനുകൂല്യങ്ങൾ നൽകുന്നതിന് വേണ്ടി കട്ട്-ഓഫ് തിയതി പാർലമെന്റ് നിശ്ചയിച്ചിരുന്നു. എന്നാല്‍ കോടതിക്ക് സമയം പിന്നോട്ട് മാറ്റാൻ കഴിയില്ലെ'ന്നും ബെഞ്ച് പറഞ്ഞു. സ്ത്രീകളുടെ പാരമ്പര്യസ്വത്തവകാശങ്ങളെക്കുറിച്ചുള്ള വിഷയം ഉൾപ്പെട്ടതിനാൽ ബെഞ്ച് നിരവധി അഭിഭാഷകരുടെ സഹായം തേടിയിരുന്നു. മുതിർന്ന അഭിഭാഷകരായ എസ്. പാർത്ഥസാരഥി, ജി. മസിലാമണി, ആർ. ശങ്കരനാരായണൻ, വി. രാഘവാചാരി, എസ്. മുകുന്ത്, പി. വള്ളിയപ്പൻ, അഭിഭാഷകരായ എൻ. മനോകരൻ, ശരത് ചന്ദ്രൻ എന്നിവരുൾപ്പെടെ നിരവധി അമിസിക്യൂറികളുടെ അഭിപ്രായങ്ങൾ കേട്ട ശേഷമാണ് വിധി പുറപ്പെടുവിച്ചത്.
സ്വത്തവകാശങ്ങൾ നേടുന്നതിന് ഒരു ഹിന്ദു സ്ത്രീയുടെ ജനനത്തീയതി പ്രധാനമല്ലെന്നും 1956ൽ ഹിന്ദു പിന്തുടർച്ചാവകാശ നിയമം നടപ്പിലാക്കുന്നതിന് മുമ്പ് ജനിച്ച ഏതൊരാള്‍ക്കും അത്തരമൊരു അവകാശത്തിന് അർഹതയുണ്ടെന്നും ജസ്റ്റിസ് കുമാർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സുപ്രീം കോടതിയുടെയും രാജ്യത്തെ മറ്റ് ഹൈക്കോടതികളുടെയും വിധിന്യായങ്ങൾ പരിഗണിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നിരുന്നാലും പെൺമക്കൾക്ക് പാരമ്പര്യസ്വത്തില്‍ തുല്യ അവകാശം നൽകുന്ന 2025ലെ ഭേദഗതി പ്രകാരമുള്ള ആനുകൂല്യം വേണമെങ്കില്‍ ഈ ഭേദഗതി പ്രാബല്യത്തിൽ വന്ന തിയതിയിൽ സ്ത്രീകൾ ജീവിച്ചിരിപ്പുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും ഹൈക്കോടതി പറഞ്ഞു.