Untitled design - 1
  • ലൈംഗികാതിക്രമ കേസിൽ മുൻ ഡബ്ല്യു.എഫ്.ഐ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ വനിതാ ഗുസ്തി താരങ്ങൾ ഡൽഹി സെഷൻസ് കോടതിയെ സമീപിച്ചു.

ലൈംഗികാതിക്രമ കേസിൽ ബിജെപി മുൻ എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ വെറുതെവിട്ടതിനെതിരെ വനിതാ ഗുസ്തി താരങ്ങൾ ഡൽഹി സെഷൻസ് കോടതിയെ സമീപിച്ചു. വിചാരണക്കോടതി അതിജീവിതകളുടെ വാദങ്ങള്‍ പരിഗണിച്ചില്ലെന്നും ലൈംഗികാതിക്രമത്തിലെ ഇരകള്‍ എങ്ങനെ പെരുമാറണം എന്ന പരമ്പരാഗത വാര്‍പ്പുമാതൃകകളെ ആശ്രയിച്ചാണ് വിധി പ്രസ്താവിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍. റൗസ് അവന്യൂ കോടതിയിലെ സ്പെഷ്യൽ ജഡ്ജി ദിഗ് വിനയ് സിങ് ശനിയാഴ്ച രാവിലെ 10 മണിക്ക് ഹർജി പരിഗണിക്കും.

ബ്രിജ്ഭൂഷണെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച്  ആറ് വനിതാ ഗുസ്തി താരങ്ങൾ മൂന്ന് വർഷത്തിലേറെയാണ് നിയമപോരാട്ടം നടത്തിയത്. നീണ്ട നിയമനടപടികൾക്കൊടുവിൽ കഴിഞ്ഞമാസം മൂന്നിന് ബ്രിജ് ഭൂഷണെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ആരോപണങ്ങൾ കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതമാണെന്ന് സംശയിക്കാവുന്നതുമാണെന്നും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വിനി പൻവാറിന്‍റെ വിധിന്യായത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ വിചാരണക്കോടതി കേസിലുടനീളം ഉടനീളം ‘മാതൃകാ ഇര’ സങ്കൽപം അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാര്‍ ആരോപിച്ചു. 

ഗുസ്തി താരങ്ങളുടെ വാദങ്ങൾ: വിചാരണക്കോടതി പരാതിക്കാരുടെ വിശ്വാസ്യത ചോദ്യംചെയ്ത രീതികള്‍ ചൂണ്ടിക്കാട്ടിയാണ് ഗുസ്തി താരങ്ങള്‍ അപ്പീല്‍ നല്‍കിയത്. ലൈംഗികാതിക്രമങ്ങള്‍ നടന്ന തീയതികൾ കൃത്യമായി ഓർത്തെടുക്കാൻ കഴിഞ്ഞില്ല, അതിക്രമം ഉണ്ടായപ്പോള്‍ ഉടന്‍ പ്രതികരിച്ചില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് എസിജെഎം കോടതി ബ്രിജ്ഭൂഷണി അനുകൂലമായി വിധിയെഴുതിയത്. തങ്ങളുടെ കരിയറിന്‍റെ പൂർണ്ണ നിയന്ത്രണം ബ്രിജ് ഭൂഷന്റെ പക്കലായിരുന്നതിനാല്‍ ഔദ്യോഗിക ബന്ധം തുടരേണ്ടിവന്നതുപോലും വിചാരണക്കോടതി ഇരകളുടെ വിശ്വാസ്യത ഇല്ലാതാക്കാന്‍ ഉപയോഗിച്ചെന്ന് ഗുസ്തി താരങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഉത്തരവ് പഴഞ്ചനും രേഖാമൂലമായ തെളിവുകളെ തെറ്റായും പക്ഷപാതപരമായും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലുള്ളതുമാണെന്നും താരങ്ങൾ വാദിച്ചു. നീതിയുക്തവും തെളിവുകൾ അടിസ്ഥാനപ്പെടുത്തിയുള്ളതുമായ വിലയിരുത്തലുകൾക്ക് പകരം, ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തികളിൽ നിന്ന് ‘പ്രതീക്ഷിക്കുന്ന’ സ്വാഭാവിക പെരുമാറ്റത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെയാണ് ഉത്തരവ് ആശ്രയിച്ചതെന്നും അപ്പീലില്‍ പറയുന്നു. പ്രതിഷേധിക്കാതിരുന്നതിനെ ‘ആരോപണങ്ങൾ വ്യാജമാണ്’ എന്നതിന്റെ തെളിവായി മജിസ്‌ട്രേറ്റ് കോടതി ആവർത്തിച്ച് വിലയിരുത്തിയെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് മൂന്നിലെ ഉത്തരവ് പ്രകാരം, കരിയർ അപകടത്തിലാകുമെന്ന ഭയം കാരണം തുടക്കത്തിൽ പരാതി ഉന്നയിക്കാൻ ഇരകൾ മടിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഒടുവിൽ പരാതിപ്പെടാൻ ധൈര്യം കാട്ടിയപ്പോൾ, സംഭവം നടന്ന വർഷവും സ്ഥലവും സംബന്ധിച്ച് പരാതിക്കാര്‍ നല്‍കിയ വിവരങ്ങള്‍ തെറ്റായിരുന്നുവെന്ന് ആദ്യവിധിയില്‍ പറയുന്നു. ബ്രിജ് ഭൂഷണെ വെറുതെ വിടാനുള്ള പ്രധാന കാരണങ്ങളിലൊന്നായി കോടതി ചൂണ്ടിക്കാട്ടിയത് ഈ വൈരുധ്യം ആയിരുന്നു.

കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് കേസിലെ വിചാരണ പൂർത്തിയായത്. ആകെ 32 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചു. ശ്വാസമെടുക്കുന്ന രീതി പരിശോധിക്കാനെന്ന വ്യാജേന ബ്രിജ് ഭൂഷൺ തങ്ങളെ അനുചിതമായും ലൈംഗികമായും സ്പർശിച്ചുവെന്നാണ് രണ്ട് പരാതിക്കാർ ആരോപിച്ചത്. പരാതി നൽകിയ ആറ് പേരിൽ രണ്ട് പേർ പിന്നീട് കൂറുമാറി. മൂന്നാമത്തെയാളുടെ ആരോപണങ്ങളിൽ കോടതി കുറ്റം ചുമത്തിയിരുന്നില്ല. കേസിൽ ഡബ്ല്യുഎഫ്‌ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി വെറുതെ വിട്ടിരുന്നു.

ENGLISH SUMMARY:

A group of women wrestlers has moved the Delhi Sessions Court challenging the acquittal of former WRESTLING Federation of India (WFI) chief and ex-BJP MP Brij Bhushan Sharan Singh in a sexual harassment case. The appellants contended that the trial court ignored vital victim statements and erroneously relied on stereotypical expectations of how sexual assault victims should behave. Rouse Avenue Court Special Judge Dig Vinay Singh is scheduled to hear the appeal, which criticizes the magistrate's order for deeming delayed responses and career concerns as grounds to question victim credibility. The legal challenge comes after a three-year-long battle by six female wrestlers, following the trial court's August 3 verdict clearing Brij Bhushan of all charges.