പ്രസവാവധിക്ക് പോയ ജീവനക്കാരുടെ ജോലി തെറിപ്പിച്ച സംഭവത്തില്‍ കമ്പനിക്കെതിരെ കോടതി വിധി. 10 ലക്ഷം നഷ്ടപരിഹാരം നല്‍കാനും 1.50 ലക്ഷം രൂപ കോടതി ചെലവ് നല്‍കാനുമാണ് ഡല്‍ഹി ഹൈക്കോടതി വിധി. യു.എസ് ഐടി കമ്പനിയായ ഹാഷി കോർപിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ രാഖി ബിഷിതിനാണ് കോടതിയെ സമീപിച്ചത്.
ഹാഷി കോർപിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ രാഖി പ്രസവാവധിക്ക് ശേഷം തിരികെ എത്തിയപ്പോഴാണ് ടീമില്‍ നിന്നു മാറ്റിയ വിവരം അറിയുന്നത്. മാനേജറായിരുന്ന യുവതിക്ക് തിരികെ എത്തിയപ്പോള്‍ ലഭിച്ചത് ക്ലര്‍ക്കിന്‍റെ തസ്തികയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രസവാവധിയിലെ പരിരക്ഷ തേടിയാണ് രാഖി കോടതിയെ സമീപിച്ചത്.
2022 ല്‍ മാനേജറായി കമ്പനിയില്‍ ചേര്‍ന്ന രാഖിക്ക് 2.6 ലക്ഷം രൂപയായിരുന്നു മാസ ശമ്പളം. 2023 ല്‍ ഗര്‍ഭണിയാണെന്ന വിവരം കമ്പനിയെ അറിയിക്കുകയും മറ്റൊരു ടീമിലേക്ക് മാറുകയുമായിരുന്നു. അവധി കഴിഞ്ഞ് തിരിച്ചെത്തിയാൽ പഴയ റോളിലേക്ക് മാറമെന്ന ധാരണയിലായിരുന്നു ഇത്. 2023 ഡിസംബറില്‍ അവധില്‍ പ്രവേശിച്ച രാഖി 2024 ജൂലൈയിലാണ് തിരികെ എത്തുന്നത്. ഈ സമയം, പഴയ ടീമിന്‍റെ ചുതമല മറ്റൊരാള്‍ക്ക് നല്‍കുകയും രാഖിയെ പകരം ട്രഷറി വകുപ്പിൽ നിയമിക്കുകയുമായിരുന്നു. മാനേജര്‍ തസ്തികയില്‍ നിന്നും സ്റ്റാഫ് അക്കൗണ്ടന്‍റാക്കിയെന്നും ഇത് തരംതാഴ്ത്തലാണെന്നും രാഖി കോടതിയില്‍ വാദിച്ചു.
തരംതാഴ്ത്തിയ നടപടിയില്‍ എതിര്‍പ്പറിയിച്ചെങ്കിലും താല്‍ക്കാലിക ക്രമീകരണമാണെന്നായിരുന്നു മറുപടി. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പും പാലിക്കപ്പെട്ടില്ലെന്നും അവര്‍ കോടതിയെ ധരിപ്പിച്ചു. കമ്പനിയിലെ ഇമെയിലുകള്‍ പരിശോധിച്ച കോടതി യുവതിയുടെ സീനിയോറിറ്റിക്ക് അനുയോജ്യമായ ജോലി നല്‍കാന്‍ ആത്മാർത്ഥമായ ഒരു ശ്രമം കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി.
എന്നാല്‍ ആരോപണങ്ങള്‍ കമ്പനി തള്ളി. രാഖിയുടെ തസ്തികയും ശമ്പളവും സീനിയോറിറ്റിയും മാറ്റം വരുത്തിയിട്ടില്ലെന്നും ഈ സമയത്ത് 10 ശതമാനം ശമ്പള വര്‍ധനവ് വരുത്തിയെന്നും കമ്പനി കോടതിയില്‍ വ്യക്തമാക്കി. പ്രസവാവധി കാലത്ത് മാനേജറില്ലാതെ ടീമിനെ നിലനിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ പകരം മറ്റൊരാളെ നിയമിക്കേണ്ടി വന്നു. ട്രഷറിയിലെ ചുമതല മാനേജീരിയൽ ലെവലിന് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തതാണെന്നും കമ്പനി വാദിച്ചു.
ഇതു തള്ളിയാണ് ജസ്റ്റിസ് സച്ചിൻ ദത്ത നഷ്ടപരിഹാരം വിധിച്ചത്. പ്രസവാവധി ആക്റ്റിലെ നിയമപരമായ അവകാശമാണ് ഹർജിക്കാരി തേടുന്നത് എന്ന് കോടതി വ്യക്തമാക്കി. 14 വർഷം പ്രവൃത്തി പരിചയമുള്ള രാഖിയുടെ 2.6 ലക്ഷം രൂപ പ്രതിമാസ ശമ്പളം പരിഗണിച്ചാണ് നാലു മാസത്തെ ശമ്പളത്തിന് തുല്യമായ 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത്. ഒപ്പം 1.5 ലക്ഷം രൂപ കോടതിച്ചെലവും അനുവദിച്ചു. ഈ തുക എട്ട് ആഴ്ചയ്ക്കകം നൽകണം. അല്ലെങ്കിൽ തുക നൽകി തീരുന്നത് വരെ പ്രതിവർഷം 9 ശതമാനം പലിശ ഈടാക്കുമെന്നും വിധിയിലുണ്ട്.