വിവാഹമോചന കേസുകളിൽ ജീവനാംശം അനുവദിക്കേണ്ടത് ഭാര്യയുടെയും ഭർത്താവിന്റെയും സാമ്പത്തികസ്ഥിതി പരിഗണിച്ചാണെന്ന്  കർണാടക ഹൈക്കോടതി. ഭർത്താവിനേക്കാൾ വരുമാനമുള്ള ഭാര്യക്ക്‌ ജീവനാംശം നൽകേണ്ടതില്ലെന്നും ജസ്റ്റിസ് സി. സുമലത വ്യക്തമാക്കി.  ഭാര്യമാർ എപ്പോഴും ഭർത്താവിന്റെ ചെലവിൽ കഴിയേണ്ടവരാണെന്ന് കരുതാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രതിമാസം ഒരു ലക്ഷം രൂപയിലേറെ വരുമാനമുള്ള ഭാര്യക്ക്‌ 60,646 രൂപ വരുമാനമുള്ള ഭർത്താവ് പ്രതിമാസം 20,000 രൂപവീതം ജീവനാംശം നൽകാനുള്ള  കുടുംബകോടതിയുടെ ഉത്തരവ് പരിശോധിക്കുകയായിരുന്നു ഹെക്കോടതി. മൈസൂരുവിലെ കുടുംബകോടതിയുടെ ഇടക്കാല ഉത്തരവിനെതിരേ ഹൈക്കോടതിയിൽ ഭർത്താവാണ്‌ ഹർജി സമർപ്പിച്ചത്.

സ്ത്രീകളുടെ സാമ്പത്തികസ്ഥിതി, മക്കൾ, അവരുടെ ജീവിതച്ചെലവ് എന്നിവയൊക്കെ പരിഗണിച്ചുവേണം ജീവനാംശം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. ലിംഗാടിസ്ഥാനത്തിലുള്ള നിഗമനത്തിൽ ജീവനാംശത്തിന് ഉത്തരവിടാൻ പാടില്ല എന്നും കോടതി നിരീക്ഷിച്ചു.  കുടുംബകോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 

സ്വന്തമായി ജീവിക്കാൻ വരുമാനമുള്ള, മറ്റ് ബാധ്യതയില്ലാത്ത ഭാര്യക്ക്‌ ജീവനാംശം നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ, വിവാഹത്തിനായി താൻ വായ്പയെടുത്തിരുന്നെന്നും അതിന്റെ ബാധ്യതകളുണ്ടെന്ന് ഭാര്യ വാദിച്ചെങ്കിലും ഇത് തെളിയിക്കാൻ സാധിച്ചില്ല. വായ്പ തിരിച്ചടയ്ക്കുന്നതിന്റെ വിവരങ്ങളോ മറ്റ് രേഖകളോ ഹാജരാക്കാൻ കഴിയാതെ വന്നതോടെ ഈ വാദം കോടതി തള്ളുകയായിരുന്നു.

ENGLISH SUMMARY:

Alimony is not required for a wife earning more than her husband, according to a recent Karnataka High Court ruling. The court emphasized that financial contributions from both spouses must be considered when determining maintenance in divorce cases.