കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഒരു മാസം അറസ്റ്റ് ചെയ്യരുതെന്നു കോടതി നിര്‍ദേശിച്ചു. മധ്യപ്രദേശ് കോടതിയെ സമീപിക്കാനാണ് സാവകാശം നല്‍കിയത്.
പെൺകുട്ടിയും, ഭർത്താവ് മുഹമ്മദ് ഫർമാനും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിധി പറഞ്ഞത്. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ മധ്യപ്രദേശ് പൊലീസ് മുൻകൂർ ജാമ്യഹർജിയെ എതിർത്തിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം അസാധുവാണെന്നും പൊലീസ് കോടതിയിൽ വാദിച്ചു. നിലവിൽ പെൺകുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായം. സമർപ്പിക്കപ്പെട്ട സർട്ടിഫിക്കറ്റിലെ ജനനത്തീയതിയും ആശുപത്രി രേഖകളും തമ്മിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
എന്നാൽ തനിക്ക് പ്രായപൂർത്തിയായി എന്ന നിലപാടാണ് പെൺകുട്ടി കോടതിയിൽ സ്വീകരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്‌തു എന്നതടക്കമുള്ള കുറ്റങ്ങളാണ് ഇവരെ വിവാഹം കഴിച്ചിരിക്കുന്ന മുഹമ്മദ് ഫർമാനെതിരെ മധ്യപ്രദേശ് പൊലീസ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയെ കേസിൽ ഇരയായി കണ്ട് ആവശ്യമായ സംരക്ഷണം നൽകാൻ തയ്യാറാണെന്നും മധ്യപ്രദേശ് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.