മാസത്തിൽ മൂന്നുദിവസം സ്ത്രീകളെ തൊട്ടുകൂടാത്തവരാക്കാനാവില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന. മൂന്നുദിവസം തൊട്ടുകൂടായ്മയും തൊട്ടടുത്ത നാലാംനാൾ അങ്ങനെയല്ലാതെയും കാണാനാവില്ലെന്നായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ പരാമർശം. ശബരിമല യുവതി പ്രവേശ വിഷയത്തിൽ സുപ്രീംകോടതിയിൽ നടക്കുന്ന വാദത്തിനിടയിലാണ് ബെഞ്ചിലെ ഏക വനിതാജഡ്‌ജിയായ ജസ്റ്റിസ് നാഗരത്നയുടെ പ്രതികരണമുണ്ടായത്.

ശബരിമലയിൽ പത്തിനും അൻപതിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ വിലക്കുന്നത് തൊട്ടുകൂടായ്മ്‌മയാണെന്ന 2018-ലെ വിധിയിലെ നിരീക്ഷണം തെറ്റാണെന്ന് കേന്ദ്രം വാദിച്ചപ്പോഴാണ് ഒൻപതംഗ ബെഞ്ചിലെ ജസ്റ്റിസ് നാഗരത്നയുടെ പരാമർശമുണ്ടായത്. തുടർന്ന്, തൊട്ടുകൂടായ്മ വിലക്കുന്ന 17-ാം അനുച്ഛേദം ശബരിമലക്കേസിൽ എങ്ങനെ പ്രയോഗിക്കാനാകുമെന്ന സംശയവും ജസ്റ്റിസ് നാഗരത പ്രകടിപ്പിച്ചു.

എന്നാൽ, ശബരിമലയിലേത് തൊട്ടുകൂടായ്മ‌യോ ലിംഗവിവേചനമോ അല്ലെന്ന് കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ശബരിമലയിലേത് സ്ത്രീകളോടുള്ള തൊട്ടുകൂടായ്‌മയാണെന്ന വാദത്തെ താൻ ശക്തമായി എതിർക്കുകയാണെന്ന് തുഷാർ മേത്ത പറഞ്ഞു. പാശ്ചാത്യർ കരുതുന്നതുപോലെ ഇന്ത്യയിൽ അത്ര പുരുഷാധിപത്യമോ ലിംഗവിവേചനമോ ഇല്ലെന്നും മേത്ത ചൂണ്ടിക്കാട്ടി. 

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒൻപതംഗ ബെഞ്ചാണ് ശബരിമല ഉൾപ്പെടെയുള്ള കേസുകളിൽ ബാധകമാകുന്ന ഏഴ് നിയമപ്രശ്‌നങ്ങൾക്ക് ഉത്തരംതേടുന്നത്. ജസ്റ്റിസ് നാഗരത്നനയ്ക്കു പുറമേ ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അഹ്‌സനുദ്ദീൻ അമാനുള്ള, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മസീഹ്, പ്രസന്ന ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മല്യാ ബാഗ്‌ചി എന്നിവരാണ് ബെഞ്ചിലുള്ളത്.

ENGLISH SUMMARY:

Justice BV Nagarathna stated that women cannot be declared untouchable for three days in a month, challenging the notion of temporary segregation. This statement was made during the Supreme Court's ongoing arguments regarding women's entry into the Sabarimala temple.