തെരുവുനായ വിഷയത്തില്‍ മൃഗസ്നേഹികള്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ സുപ്രീംകോടതി. ദേശീയപാതകളിലെ തെരുവുനായ്ക്കള്‍ ഉയര്‍ത്തുന്ന സുരക്ഷാപ്രശ്നങ്ങള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. റോഡില്‍ കാണുന്ന നായ കടിക്കാനുള്ള മൂഡിലാണോ അല്ലയോ എന്നറിയാന്‍ മാര്‍ഗമൊന്നുമില്ല. അതുകൊണ്ടാണ് വന്ധ്യംകരിക്കണമെന്ന് പറയുന്നതെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ച് പറഞ്ഞു. മുന്‍കരുതലാണ് എപ്പോഴും നല്ലതെന്നും കോടതി വ്യക്തമാക്കി.
തെരുവുനായകള്‍ക്ക് ഇനി കൗണ്‍സിലിങ് മാത്രമേ നല്‍കാന്‍ ബാക്കിയുള്ളൂവെന്നും അത് കൂടി നല്‍കണോയെന്നും മൃഗസ്നേഹികളോട് കോടതി ചോദ്യമുയര്‍ത്തി. റോഡ് വൃത്തിയാക്കിയിട്ടാലും നായ്ക്കള്‍ ഇറങ്ങും അവര്‍ വാഹനങ്ങള്‍ക്ക് കുറുകെ ചാടിയും അല്ലാതെയും അപകടം ഉണ്ടാക്കും. തെരുവിലും സ്കൂളിലും സ്ഥാപനങ്ങളിലും നായ്ക്കള്‍ എന്തിനാണ്? എന്നും കോടതി ചോദ്യമുയര്‍ത്തി. നായ ഒരാളെ കടിക്കുന്നതും ഓടിക്കുന്നതും മാത്രമല്ല, അപകടമുണ്ടാക്കുന്നുവെന്നതും ഗൗരവമായി കാണേണ്ടതാണ്. റോഡ് മനുഷ്യര്‍ക്ക് സഞ്ചരിക്കാനുള്ളതാണ്. നായ്ക്കള്‍ക്ക് വിഹരിക്കാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് മൃഗസ്നേഹികള്‍ക്ക് വേണ്ടി ഹാജരായത്.