തമിഴ്നാട്ടിലെ തിരുപ്പറംകുണ്ഡ്രത്തിന് മുകളിലുള്ള കൽസ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കുന്നതിന് അനുമതി നല്‍കിയ സിംഗിൾ ജഡ്ജിയുടെ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ശരിവച്ചു. ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കപ്പെട്ടതായി ജസ്റ്റിസുമാരായ ജി ജയചന്ദ്രനും കെ കെ രാമകൃഷ്ണനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ദീപം കത്തിച്ചാല്‍ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയുള്ള ഡിഎംകെ സർക്കാരിന്‍റെ വാദങ്ങൾ കോടതി തള്ളി.
കുന്നിൻ മുകളിലെ സ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു തമിഴ് പാർട്ടി നേതാവ് രാമ രവികുമാറാണ് ഹൈക്കോടിയെ സമീപിച്ചത്. ഉത്സവ ദിനത്തിൽ ആചാരപരമായ വിളക്ക് കത്തിക്കാൻ കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ ഉത്തരവിട്ടിരുന്നെങ്കിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ ഉത്തരവ് നടപ്പിലാക്കിയില്ല. എന്നാല്‍ നൂറിലധികം വര്‍ഷങ്ങളായി ക്ഷേത്രത്തിലെ ആചാരത്തിന്‍റെ ഭാഗമായി ദീപം കത്തിച്ചുവരുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാദിച്ചു.
മുരുകന്‍റെ ആറ് പുണ്യസ്ഥലങ്ങളിൽ ഒന്നായ തിരുപ്പറംകുണ്ഡ്രം കുന്നിൽ പാറയിൽ കൊത്തിയ ക്ഷേത്രം ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ഈ കുന്നിൽ ഒരു ദർഗയും(ജാറം) സ്ഥിതിചെയ്യുന്നുണ്ട്. ക്ഷേത്രത്തിനും ദർഗയ്ക്കും ഇടയിലുള്ള സംഘർഷങ്ങൾ 1920 മുതൽ ആരംഭിച്ചതാണ്. സിവിൽ കോടതി വിധിപ്രകാരം ദർഗയുമായി ബന്ധപ്പെട്ട ചില പ്രദേശങ്ങൾ ഒഴികെ കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഉച്ചിപ്പിള്ളയര്‍ കോവില്‍ പരിസരത്തെ മണ്ഡപത്തിന് സമീപമുള്ള പരമ്പരാഗത സ്ഥലത്ത് കൊളുത്തിയിരുന്ന വിളക്ക് ദര്‍ഗയ്ക്ക് സമീപമുള്ള 'ദീപത്തൂണി’ലേക്ക് മാറ്റണമെന്ന് കാണിച്ച് 1994ല്‍ ഹൈക്കോടിയില്‍ ഹര്‍ജി വന്നിരുന്നു. എന്നാല്‍ നിലവിലുള്ള സ്ഥലത്ത് തന്നെ ദീപം കൊളുത്താനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് ഹിന്ദു തമിഴ് പാര്‍ട്ടി ഹൈക്കോടിയെ സമീപിച്ചതും ദര്‍ഗയ്ക്ക് സമീപമുള്ള സ്തംഭത്തില്‍ ദീപം കൊളുത്താമെന്ന് ഉത്തരവ് സമ്പാദിക്കുകയും ചെയ്തത് . എന്നാല്‍ ഇവിടെ ദീപം കൊളുത്തുന്നതിന് തടസ്സങ്ങളുണ്ടായതിനെത്തുടര്‍ന്ന് 40കാരനായ ഒരാള്‍ സ്വയം തീകൊളുത്തി മരിച്ചതോടെ വിഷയത്തില്‍ പ്രതിഷേധം ശക്തമാവുകയായിരുന്നു.