ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതി ബിജെപി മുൻ എംഎൽഎ കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കുൽദീപ്സെൻഗാറിന്റെ ജാമ്യത്തിനും സ്റ്റേ. സിബിഐ അപ്പീലിലാണ് നടപടി. സത്യമേവ ജയതേ. കോടതി വിധിയില്‍ സന്തുഷ്ടയെന്ന് അതിജീവിത. സുപ്രീംകോടതിക്ക് നന്ദിയെന്ന് അതിജീവിതയുടെ അഭിഭാഷകയും പറഞ്ഞു. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ അവധിക്കാല പ്രത്യേക ബെഞ്ച് പരിഗണിച്ചത്. കേസ് അന്വേഷിച്ച സി.ബി.ഐ നൽകിയ അപ്പീലും രണ്ട് വനിത അഭിഭാഷകര്‍ നല്‍കിയ പൊതുതാൽപര്യ ഹർജിയുമാണ് കോടതി പരിഗണിച്ചത്.
ബി.ജെ.പി മുന്‍ എം.എല്‍.എയായ സെന്‍ഗാറിന്‍റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ അതിജീവിതയും മാതാവും പ്രതിഷേധത്തിലായിരുന്നു. ഇന്നലെ ജന്തർമന്തറിൽ നടത്തിയ സമരത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് അതിജീവിതയെയും മാതാവിനേയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിജീവിതയെ പിന്തുണച്ചും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കുൽദീപ് സെൻഗറിനു ജാമ്യം അനുവദിച്ചതിനെതിരെ അതിജീവിതയുടെ അമ്മ ഹൈക്കോടതിക്കു മുന്നിൽ പ്രതിഷേധിച്ചിരുന്നു. പീഡന വീരൻമാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുക എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്.
2017ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലാണു സെൻഗറിന് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും വിചാരണ കോടതി വിധിച്ചത്. പീഡനശേഷം 60,000 രൂപയ്ക്കു വിറ്റ പെൺകുട്ടിയെ പിന്നീടു പൊലീസ് സ്റ്റേഷനിൽ കണ്ടെത്തുകയായിരുന്നു. സുപ്രീം കോടതി ഇടപെട്ടാണ് വിചാരണ ഡൽഹിയിലേക്കു മാറ്റിയത്.