തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം മാറ്റിവയ്ക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ കമ്മിഷന്‍ സുപ്രീംകോടതിയില്‍. തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും ഒന്നിച്ചുപോകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായെന്നും കമ്മിഷന്‍ കോടതിയില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേരളത്തിന്‍റെ ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ടു. എസ്ഐആര്‍ നടപടികള്‍ തിരഞ്ഞെടുപ്പിന് തടസമല്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേരളത്തിലെ എസ്ഐആറിനെതിരായ ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് പരിഗണിച്ച് കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ മാറ്റിവെയ്ക്കണം എന്നാണ് സംസ്ഥാന സർക്കാരും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യമായി മുന്നോട്ട് പോയിക്കഴിഞ്ഞു. 85 ശതമാനത്തോളം അപേക്ഷ ഫോമുകള്‍ ഡിജിറ്റലൈസ് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രധാന പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. അതുകൊണ്ട് എസ്.ഐ.ആര്‍ കേരളത്തിൽ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.
എസ്.ഐ.ആര്‍ ജോലിയിലെ സമ്മര്‍ദ്ദം കാരണം കേരളത്തില്‍ ബി.എല്‍.ഒയുടെ ആത്മഹത്യ ചെയ്തു എന്ന കാര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ കോടതിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ ബി.എല്‍.ഒയുടെ മരണം എസ്.ഐ.ആര്‍ ജോലി ഭാരം കൊണ്ടല്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ എസ്ഐആര്‍ മാറ്റിവെയ്ക്കണം എന്നാവശ്യപ്പെട്ടുള്ള കേരളത്തിന്‍റെ ഹര്‍ജി പിഴ ഈടാക്കി കൊണ്ട് തള്ളണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
എസ്ഐആറിനെ എതിര്‍ക്കുന്നില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിനിടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് കേരളത്തിന്‍റെയും സംസ്ഥാനത്ത് നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യം. നേരത്തെ എസ്ഐആര്‍ നിര്‍ത്തിവെയ്ക്കുന്നതില്‍ ഇടപെടാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി സംസ്ഥാനത്തിനോട് സുപ്രീംകോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരാഴ്ചത്തേക്ക് നീട്ടിയിരുന്നു. വോട്ടര്‍മാരില്‍ നിന്ന് വിവരങ്ങള്‍ അടങ്ങിയ ഫോമുകള്‍ തിരികെ നല്‍കാനുള്ള സമയം ഡിസംബര്‍ 11 വരെ നീട്ടി. കരട് വോട്ടര്‍ പട്ടിക 16ന് പ്രസിദ്ധീകരിക്കും.