തൊഴില്‍ കോഡ് ആണ് രാജ്യത്തും സംസ്ഥാനത്തും ഇപ്പോള്‍ പ്രധാന ചര്‍ച്ച. തൊഴിലാളികള്‍ക്കും തൊഴില്‍ ഉടമകള്‍ക്കും അങ്ങേയറ്റം ഗുണകരമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ തൊഴിലാളി യൂണിയനുകള്‍ ശക്തമായി എതിര്‍ക്കുകയാണ്. തൊഴില്‍ കോഡിലെ പ്രധാന വ്യവസ്ഥകളും എതിര്‍ക്കാനുള്ള കാരണങ്ങളും എന്തെന്ന് നോക്കാം. ബിജേഷ് പുതുമനയുടെ റിപ്പോര്‍ട്ട്
ഇതുവരെ ഉണ്ടായിരുന്ന 29 തൊഴില്‍ നിയമങ്ങള്‍ക്കു പകരമായാണ് നാല് തൊഴില്‍ കോഡുകള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. വേതന കോഡ്, തൊഴിലിട സുരക്ഷ കോഡ്, വ്യവസായ അനുബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ് എന്നിവയാണിത്. ഒറ്റനോട്ടത്തില്‍ മികച്ചതെന്ന് തോന്നാമെങ്കില്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ആശങ്കകള്‍ക്ക് അടിസ്ഥാനവുമുണ്ട്. ഓരോന്നിന്‍റെയും ഗുണങ്ങളും ദോഷങ്ങളും നോക്കാം.
1. വേതന കോഡ്
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും മിനിമം വേതനം നിയമപരമാക്കുന്നു എന്നതാണ് പ്രധാന മേന്‍മ. നൈപുണ്യത്തിന്‍റെ അടിസ്ഥാനത്തില്‍ നാലു തട്ടായി തിരിച്ചാണ് മിനിമം വേതനം സര്‍ക്കാര്‍ നിശ്ചയിക്കുക. അണ്‍ സ്കില്‍ഡ്, സെമി സ്കില്‍ഡ്, സ്കില്‍ഡ്, ഹൈലി സ്കില്‍ഡ് എന്നിവയാണിത്. അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് 26 ആഴ്ച ശമ്പളത്തോട് കൂടിയ പ്രസവാവധി അടക്കം ഉറപ്പുനല്‍കുന്നു.
എതിര്‍ക്കാനുള്ള കാരണങ്ങള്‍
സംസ്ഥാനത്ത് പല തൊഴില്‍ മേഖലകളിലും പത്തും പന്ത്രണ്ടും വിഭാഗങ്ങളുണ്ട്. ഇവര്‍ക്കൊക്കെ വ്യത്യസ്ത വേതനമാണ് നല്‍കുന്നത്. പുതിയ തൊഴില്‍ കോഡുകള്‍ അനുസരിച്ച് ഇതെല്ലാം ഏകീകരിക്കേണ്ടിവരും. അത് തൊഴിലുടമയ്ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ പ്രതിസന്ധി സൃഷടിക്കും.
2. വ്യവസായ ബന്ധ കോഡ്
ആകെ ജീവനക്കാരുടെ 10 ശതമാനമോ അല്ലെങ്കിൽ 100 ജീവനക്കാരോ ഉണ്ടെങ്കിൽ മാത്രമെ ട്രേഡ് യൂണിയൻ അനുവദിക്കു എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. തൊഴിലാളികളല്ലാത്തവർക്ക് ഭാരവാഹികളാകാനാകില്ല. എല്ലാ തൊഴിലാളികള്‍ക്കും നിയമന ഉത്തരവ് നിര്‍ബന്ധമാണെങ്കിലും 300 ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ജോലിസമയം, ശമ്പളം, പിരിച്ചുവിടല്‍, സസ്പെന്‍ഷന്‍, പരാതിപരിഹാരം എന്നിവയില്‍ രേഖാമൂലമുള്ള ഉത്തരവുകള്‍ നല്‍കേണ്ടതില്ല. അന്‍പതില്‍ താഴെ തൊഴിലാളികള്‍ ഉള്ള സ്ഥാപനമാണെങ്കില്‍ പിരിച്ചുവിടുമ്പോള്‍ നഷ്ടപരിഹാരം നല്‍കേണ്ട എന്നും വ്യവസായ ബന്ധ കോഡ് പറയുന്നു
എതിര്‍പ്പുകള്‍
തൊഴിലാളി യൂണിയനുകള്‍ ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് ഈ കോഡിനെയാണ്. ചെറിയ സ്ഥാപനങ്ങളില്‍ ചൂഷണം ശക്തമാകുമെന്നാണ് ആശങ്ക. 300 ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ആരെയും എപ്പോഴും പിരിച്ചുവിടാം. തീരെ ചെറിയ സ്ഥാപനങ്ങളാണെങ്കില്‍ നഷ്ടപരിഹാരം പോലും നല്‍കേണ്ടതില്ല. തൊഴിലാളികള്‍ക്കിടയില്‍ ഇത് അരക്ഷിതാവസ്ഥ വര്‍ധിപ്പിക്കും. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് തടയിടാനാണ് നീക്കമെന്ന ആക്ഷേപവും ശക്തമാണ്.
3. തൊഴിലിട സുരക്ഷാ കോഡ്
ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ ആയി നിജപ്പെടുത്തുന്നു എന്നതാണ് പ്രധാനം. ഷിഫ്റ്റുകളുടെ പരമാവധി സമയം ഒന്‍പതു മണിക്കൂറാണ്. ഓവര്‍ടൈം എടുത്താല്‍ ഇരട്ടി വേതനം നല്‍കണം. എല്ലാ തൊഴില്‍ മേഖലയിലും സ്ത്രീകള്‍ക്ക് രാത്രിജോലി ചെയ്യാം. മതിയായ സുരക്ഷ ഒരുക്കേണ്ടത് തൊഴിലുടമയാണ്
എതിര്‍പ്പ്
ഒരു ദിവസം എട്ടുമുതല്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്യാം എന്ന വ്യവസ്ഥ ചൂഷണത്തിന് കാരണമാകുമെന്ന് യൂണിയനുകള്‍ പറയുന്നു. ഷിഫ്റ്റ് ഒന്‍പതു മണിക്കൂര്‍ എന്ന വ്യവസ്ഥയും വിനയായേക്കും. സ്ത്രീ സുരക്ഷയും വലിയ ചോദ്യചിഹ്നമാകുമെന്ന ആശങ്കയും ശക്തമാണ്.
4. സാമൂഹിക സുരക്ഷാ കോഡ്
ആകെ വേതനത്തിന്‍റെ 50 ശതമാനം അടിസ്ഥാന ശമ്പളം ആയിരിക്കണം. ഒരു വര്‍ഷം ജോലിചെയ്താല്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകും. നിലവില്‍ ഇത് അഞ്ചുവര്‍ഷമാണ്. കരാര്‍ ജീവനക്കാര്‍ക്കും ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ട്. പത്തിൽ താഴെ തൊളിലാളികളുള്ള സ്ഥാപനങ്ങൾക്ക് ഇഎസ്ഐ നിർബന്ധമല്ല. പകരം വര്‍ഷത്തില്‍ ഒരിക്കല്‍ മെഡിക്കല്‍ പരിശോധന ഉറപ്പാക്കണം. അതിഥി തൊഴിലാളികള്‍ക്ക് 12 മാസത്തില്‍ ഒരിക്കല്‍ നാട്ടിലേക്ക് പോകാന്‍ യാത്രാ അലവന്‍സ് നല്‍കണം എന്നിവയാണ് പ്രധാന വ്യവസ്ഥകള്‍
എതിര്‍ക്കാനുള്ള കാരണങ്ങള്‍
ഇ.എസ്.ഐ ആനുകൂല്യം പല തൊഴിലാളികള്‍ക്കും നഷ്ടമാകും എന്നതാണ് എതിര്‍ക്കാനുള്ള പ്രധാന കാരണം