ബലാല്‍സംഗ കേസിൽ 20 വർഷം തടവ് ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആൾദൈവം, ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് വീണ്ടും പരോള്‍. 40 ദിവസത്തെ പരോളാണ് ഇത്തവണ അനുവദിച്ചത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇത്തരത്തിൽ ലഭിക്കുന്ന 14-ാമത്തെ പരോളാണിത്. പുതിയ പരോൾ ലഭിച്ചതിന് ശേഷം റാം റഹീം ചൊവ്വാഴ്ച രാവിലെ റോഹ്തക്കിലെ സുനാരിയ ജയിലിൽ നിന്ന് പുറത്തിറങ്ങി. സെപ്റ്റംബർ 14 ന് ജയിലിൽ തിരിച്ചെത്തുന്നതുവരെ 57 കാരനായ റാം റഹീം സിർസ ആസ്ഥാനമായ ആശ്രമത്തിൽ താമസിക്കും.
തന്‍റെ രണ്ട് ശിഷ്യരെ ബലാല്‍സംഗം ചെയ്തതിന് 2017 ലാണ് ഗുർമീത് റാം റഹീം സിങ് ശിക്ഷിക്കപ്പെട്ടത്. ജയിലിലായശേഷം ഇയാള്‍ക്ക് തുടര്‍ച്ചയായി ലഭിക്കുന്ന പരോളുകളില്‍ വിവിധ കോണുകളിൽ നിന്ന് വിമര്‍ശനങ്ങളുണ്ട് . കഴിഞ്ഞ ഏപ്രിൽ 9 നാണ് സിങ്ങിന് അവസാനമായി 21 ദിവസത്തെ പരോള്‍ ലഭിച്ചത്. അതിന് മുന്‍പ് ഈ വർഷം ഫെബ്രുവരി 5 ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 30 ദിവസത്തെ പരോൾ ലഭിച്ചു. അതിനുമുന്‍പ് ഒക്ടോബർ 5 ന് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പും 20 ദിവസത്തെ പരോളും അനുവദിച്ചിരുന്നു.
ബലാല്‍സംഗത്തിനും മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിനും 2017 ഓഗസ്റ്റ് 25-ന് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയാണ് ഗുർമീത് റാം റഹീം സിങ്ങിന് 20വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ഇയാള്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് പഞ്ച്കുളയിലും ഹരിയാനയിലെയും പഞ്ചാബിലെയും പല ഭാഗങ്ങളിലും നടന്ന അക്രമസംഭവങ്ങളില്‍ 40 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.