supreme-court

വനിതാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാക്കളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും അതിക്രമങ്ങള്‍ നേരിട്ടത് പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്.  ജോലിസ്ഥലങ്ങളിലെ ലൈംഗികാതിക്രമം തടയാനും നടപടിയെടുക്കാനും രാജ്യത്ത് പ്രത്യേക നിയമമുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത് ബാധമകല്ല.  സ്ത്രീകള്‍ക്കെതിരായ  അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നടപടിയെടുക്കാനും രാഷ്ട്രീയ പാര്‍ട്ടികളിലും ചില വ്യവസ്ഥകള്‍ വേണമെന്ന ആവശ്യം പ്രസക്തമാണ്.  ഈ ആവശ്യമാണ് പരമോന്നത കോടതിക്കുമുന്നിലെത്തിയിരിക്കുന്നത്.

ജോലിസ്ഥലങ്ങളില്‍ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ ലക്ഷ്യമിട്ടുള്ള 2013ലെ പോഷ് നിയമം (POSH Act) രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹർജിയെത്തിയത്.   ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപീകരിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.  സുപ്രീം കോടതിയിലെ മലയാളി അഭിഭാഷക എം.ജി.യോഗമായയാണ് ഹര്‍ജി നല്‍കിയത്.  

കഴിഞ്ഞ വര്‍ഷം സമാന ആവശ്യങ്ങളുന്നയിച്ച് സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നു.  തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകാനുള്ള നിർദ്ദേശത്തോടെ കോടതി ഹര്‍ജി തീർപ്പാക്കി.  കമ്മിഷന് നിവേദനം നൽകിയെങ്കിലും മറുപടിയോ നടപടിയോ ഇല്ലാത്തതിനെത്തുടര്‍ന്നാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതെന്ന് എം.ജി.യോഗമായ പറയുന്നു.  

രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സ്ത്രീകൾ വ്യാപകമായി മാനസികവും ലൈംഗികവുമായ പീഡനം നേരിടുന്നുവെന്ന 2013ലെ യുഎൻ വിമന്‍ റിപ്പോര്‍ട്ടും 2016ലെ ഇന്റർ-പാർലമെന്ററി യൂണിയൻ പഠനവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.  മറ്റു തൊഴിലുകളിൽ സ്ത്രീകൾക്ക് ലഭ്യമായ സംരക്ഷണം രാഷ്ട്രീയത്തിലെ സ്ത്രീകള്‍ക്ക് നല്‍കാതിരിക്കാന്‍ യുക്തിസഹമായ കാരണങ്ങളില്ലെന്നും വാദിക്കുന്നു.  അതിനാൽ പോഷ് നിയമപ്രകാരം വനിതാ രാഷ്ട്രീയ പ്രവർത്തകർക്ക് തുല്യ സംരക്ഷണവും നീതിയും ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.  

ബിജെപി, കോൺഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്,  സിപിഎം, സിപിഐ, എൻസിപി, ആം ആദ്മി പാര്‍ട്ടി, എൻപിപി, ബിഎസ്പി എന്നീ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഹര്‍ജിയിലെ എതിർകക്ഷികള്‍.  നിലവില്‍ സിപിഎം,  ആം ആദ്മി പാര്‍ട്ടി, ബിജെപി, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ പോഷ് നിയമപ്രകാരമുള്ള പരാതികൾ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര സമിതികള്‍ രൂപീകരിച്ചതായി വിവരമുണ്ട്, എന്നാല്‍ ഇക്കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സുപ്രീം കോടതിയിലെ അഡ്വക്കേറ്റ് ഓൺ-റെക്കോർഡ് ശ്രീറാം പറക്കാട്ട് മുഖേനയാണ് ഹർജി ഫയല്‍ ചെയ്തത്.  

ENGLISH SUMMARY:

Supreme Court Petition Seeks Implementation of PoSH Act in Political Parties to Curb Sexual Harassment