New Delhi: Muslim petitioners at the Supreme Court lawn during hearing on pleas challenging the Waqf Act amendments, in New Delhi, Wednesday, May 21, 2025. (PTI Photo) (PTI05_21_2025_000289A)
കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമോയെന്ന് സുപ്രീം കോടതി. പ്രവേശന നടപടികളില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് പറഞ്ഞ കോടതി വിദ്യാര്‍ഥികളുടെ ഹര്‍ജി നാളെ പരിഗണിക്കാന്‍ മാറ്റി. പരീക്ഷയ്ക്കു ശേഷം ഏകീകരണ ഫോര്‍മുല മാറ്റാനാകുമോ എന്നും കോടതി ചോദിച്ചു.
കീം ആദ്യ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയതിനെതിരെ കേരള സിലബസ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടുതേടിയത്. റാങ്ക് പട്ടിക റദ്ദാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോയെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. നാളെ തന്നെ മറുപടി അറിയിക്കണമെന്നു നിര്‍ദേശിച്ച കോടതി ഹര്‍ജി നാളത്തേക്ക് മാറ്റി.
മാര്‍ക്ക് പരിഷ്‌കരണം നടപ്പാക്കുന്നത് സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കണമായിരുന്നുവെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. പരിഷ്‌കരണം അടുത്ത തവണ നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ തര്‍ക്കമുണ്ടാകില്ലായിരുന്നു, പരീക്ഷയ്ക്ക് ഫോർമുല മാറ്റാൻ കഴിയുമോ എന്ന നിയമപ്രശ്നം ഭാവിയിൽ പരിഗണിക്കുമെന്നും ജസ്റ്റിസുമാരായ പിഎസ് നരസിംഹ, എഎസ് ചന്ദുര്‍ക്കര്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു. വിദഗ്ധ സമിതി റിപ്പോര്‍ട്ടനുസരിച്ചാണ് പ്രൊസ്‌പെക്ടസില്‍ മാറ്റം വരുത്തിയതെന്നും അത് സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന്‍റെ ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് ഫോര്‍മുല മാറ്റിയതെന്ന് ഇത് നിയമവിരുദ്ധമെന്ന് സിബിഎസ്ഇ വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ തടസ്സവാദമുന്നയിച്ചു.
ഹൈക്കോടതിക്കുപിന്നാലെ സുപ്രീം കോടതിയില്‍നിന്ന് തിരിച്ചടിയുണ്ടാകുമോയെന്ന് ഭയന്ന് അപ്പീല്‍ നല്‍കാതിരുന്ന സംസ്ഥാനം നാളെ എന്ത് മറുപടി നല്‍കുമെന്നതാണ് ഇനി നിര്‍ണായകം.