ഐപിഎലില്‍ നിന്ന് കൊച്ചി ടസ്കേഴ്സിനെ പുറത്താക്കിയ ബിസിസിഐക്ക് തിരിച്ചടി. നഷ്ടപരിഹാരമായി 538 കോടി രൂപ കൊച്ചി ടസ്കേഴ്സിന് നല്‍കണമെന്ന് ബോംബൈ ഹൈക്കോടതി വിധിച്ചു. ആര്‍ബിട്രേഷന്‍ ഫോറത്തിന്‍റെ ഉത്തരവ് ശരിവച്ച ഹൈക്കോടതി ബിസിസിഐയുടെ ഹര്‍ജി തള്ളുകയും ചെയ്തു. ആര്‍ബിട്രേഷന്‍ ഫോറത്തിന്‍റെ വിധിക്കെതിരെ കോടതിക്ക് നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് ആര്‍.ഐ ഛഗ്ലയാണ് വിധി പുറപ്പെടുവിച്ചത്.
2011 ലെ ഐപിഎല്‍ സീസണില്‍ കൊച്ചി ടസ്കേഴ്സ് പങ്കെടുത്തിരുന്നു. എന്നാല്‍ അതേ വര്‍ഷം സെപ്റ്റംബറില്‍ ബാങ്ക് ഗാരന്‍റിയുടെ 10 ശതമാനം ബിസിസിഐക്ക് നല്‍കിയില്ലെന്ന കാരണത്താലാണ് കൊച്ചി ടസ്കേഴ്സിനെ ഐപിഎലില്‍ നിന്നും പുറത്താക്കിയത്.
സ്റ്റേഡിയത്തിന്‍റെ ലഭ്യതയില്ലായ്മയും ഓഹരി സംബന്ധിച്ച റഗുലേറ്ററി അംഗീകാരവും ഒപ്പം ഐപിഎല്‍ മല്‍സരങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കുകയും ചെയ്തതോടെയാണ് ബിസിസിഐക്ക് ബാങ്ക് ഗാരന്‍റിയുടെ നിശ്ചിത തുക നല്‍കാനാവാതെ വന്നതെന്ന് ടീം വ്യക്തമാക്കിയിരുന്നു. 2012 ലാണ് ആര്‍ബിട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. 2015 ല്‍ ടീം അനുകൂല വിധിയും നേടി. ടീമിന് സംഭവിച്ച നഷ്ടത്തിന് 384 കോടിരൂപയും 153 കോടി രൂപ ബാങ്ക് ഗാരന്‍റിയും മറ്റ് നിയമ ചെലവുകളുമെന്നിങ്ങനെയാണ് നല്‍കാന്‍ വിധിച്ചത്. ഇതിനെതിരെ ബിസിസിഐ കോടതിയെ സമീപിക്കുകയായിരുന്നു.