സുപ്രീംകോടതി (ഫയല്‍ ചിത്രം)
14 വയസുള്ള പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റിലായ യുവാവിന്‍റെ ശിക്ഷ റദ്ദാക്കി സുപ്രീംകോടതി. അതിജീവിതയെ വിവാഹം കഴിച്ച് കുഞ്ഞിനൊപ്പം കുടുംബമായി ജീവിക്കുന്ന യുവാവിനെയണ് വെറുതേവിട്ടത്. പ്രായപൂര്‍ത്തിയാകുംമുന്‍പ് നടന്ന സംഭവം അതിജീവിതയ്ക്ക് മാനസികമായി ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലെന്നും അതിനുശേഷമുണ്ടായ നിയമപ്രശ്നങ്ങളും ബന്ധുക്കളുടെ പെരുമാറ്റവും നിലപാടുമാണ് അവരെ തളര്‍ത്തിയതെന്നും കോടതി നിരീക്ഷിച്ചു. പ്രതിയുടെ കൂടെ തുടര്‍ന്നും ജീവിക്കണോ എന്ന കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുന്നതിന് അതിജീവിതയെ സഹായിക്കാന്‍ കോടതി സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ വിട്ടയച്ചുകൊണ്ടുള്ള സുപ്രധാന വിധി.
സുപ്രീംകോടതി
ഇത്തരം കേസുകളില്‍ ശിക്ഷ വിധിക്കല്‍ വലിയ സമ്മര്‍ദമുണ്ടാക്കുന്ന കാര്യമാണെന്ന് ജസ്റ്റിസ് അഭയ് എസ്.ഓഖ, ജസ്റ്റില്‍ ഉജ്ജല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. 2018ലാണ് കേസിന് അടിസ്ഥാനമായ സംഭവം ഉണ്ടായത്. ലൈംഗികത പോലുള്ള കാര്യങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ പെണ്‍കുട്ടിക്ക് അവസരമോ സാഹചര്യമോ ഇല്ലാത്ത സമയത്താണ് ‘കുറ്റകൃത്യം’ സംഭവിച്ചത്. ‘സമൂഹം അവളെ തെറ്റുകാരിയായി വിധിച്ചു, നിയമവ്യവസ്ഥ പരാജയപ്പെട്ടു, കുടുംബം അവളെ ഉപേക്ഷിച്ചു. ഇപ്പോള്‍ അതിജീവിത പ്രതിയുമായി പിരിയാന്‍ കഴിയാത്ത വിധം അടുത്തിരിക്കുന്നു.’ ഇതാണ് 25 വയസുള്ള യുവാവിനെ കുറ്റവിമുക്തനാക്കാന്‍ തീരുമാനിച്ചതിന് കാരണമെന്ന് ജസ്റ്റിസ് ഓഖ വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം–142 സുപ്രീംകോടതിക്ക് നല്‍കുന്ന പ്രത്യേകാധികാരം ഉപയോഗിച്ചാണ് ശിക്ഷാവിധി ഒഴിവാക്കിയത്.
‘കണ്ണുതുറപ്പിക്കേണ്ട കേസ്’ എന്നാണ് സുപ്രീംകോടതി ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ‘നിയമ–നീതിന്യായ വ്യവസ്ഥയിലെ പോരായ്മകളും പാളിച്ചകളുമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെട്ടത്. ഇത്തരം കാര്യങ്ങളെ സമൂഹവും കൂടുതല്‍ ഉത്തരവാദിത്തത്തോടെ സമീപിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ അമിക്കസ് ക്യൂറിയായി നിയോഗിക്കപ്പെട്ട അഡ്വക്കേറ്റ് മാധവി ദിവാന്‍, അഡ്വക്കേറ്റ് ലിസ് മാത്യു എന്നിവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബംഗാള്‍ സര്‍ക്കാരിനും കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിനും കോടതി വിശദമായ മാര്‍ഗരേഖയും നല്‍കി. കേസുമായി ബന്ധപ്പെട്ടുയര്‍ന്ന വിശാലമായ നിയമപ്രശ്നങ്ങളും നിയമത്തിന്‍റെ പരിമിതികളും പരിഹരിക്കുന്നതുസംബന്ധിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍.
കല്‍ക്കട്ട ഹൈക്കോടതി
ഇതേ കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി നടത്തിയ വിവാദപരാമര്‍ശങ്ങളെത്തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ ഇടപെടുകയായിരുന്നു. ‘കൗമാരക്കാരായ പെണ്‍കുട്ടികള്‍ നൈമിഷിക സുഖത്തിനുപിന്നാലെ പോകാതെ സ്വന്തം ലൈംഗികാസക്തി നിയന്ത്രിക്കണം എന്നായിരുന്നു പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതിയുടെ പരാമര്‍ശം. ഇത് വന്‍വിവാദമായതോടെ സുപ്രീംകോടതി ഇടപെട്ട് പരാമര്‍ശങ്ങള്‍ റദ്ദാക്കി. ‘തികച്ചും അനാവശ്യവും എതിര്‍ക്കപ്പെടേണ്ടതും’ എന്നായിരുന്നു ഹൈക്കോടതി പരാമര്‍ശങ്ങളെക്കുറിച്ചുള്ള സുപ്രീംകോടതി നിലപാട്. പ്രതിയുടെ ശിക്ഷ കോടതി പുനസ്ഥാപിക്കുകയും ചെയ്തു. അതിജീവിത പ്രതിയെ വിവാഹം കഴിച്ചതിനാല്‍ അവരുടെ നിലപാടറിയാന്‍ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു.
തുടര്‍ന്ന് ഉചിതമായ തീരുമാനമെടുക്കാന്‍ അതിജീവിതയെ സഹായിക്കുന്നതിന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും സാമൂഹ്യശാസ്ത്രജ്ഞയും ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസറും ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചു. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളും പിന്തുണയും ഉള്‍പ്പെടെ അതിജീവിതയെ ധരിപ്പിക്കുകയായിരുന്നു ചുമതല. അതിജീവിതയ്ക്ക് സാമ്പത്തികസഹായം നല്‍കാനും കുട്ടിക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം ഉറപ്പാക്കാനും ബംഗാള്‍ സര്‍ക്കാരിന് കോടതി നിര്‍ദേശവും നല്‍കി. എന്നാല്‍ നിയമപ്രകാരം കുറ്റകൃതമാണെങ്കിലും അതിജീവിത അങ്ങനെ കരുതുന്നില്ലെന്നാണ് സമിതിയും അമിക്കസ് ക്യൂറിയും റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ സമ്പൂര്‍ണനീതി നടപ്പാക്കാന്‍ നല്‍കിയിട്ടുള്ള അധികാരം ഉപയോഗിച്ച് സുപ്രീംകോടതി പ്രതിയെ വെറുതെവിടുകയായിരുന്നു.