• 33 ല്‍ 21 ജഡ്ജിമാരും സ്വത്തുവിവരം പ്രസിദ്ധീകരിച്ചു
  • സുതാര്യത ഉറപ്പാക്കാനെന്ന് സുപ്രീംകോടതി
  • ചീഫ് ജസ്റ്റിസിന് 3.38 കോടി രൂപയുടെ നിക്ഷേപം

സുതാര്യത ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി ചീഫ് ജസ്റ്റിസിന്‍റേതുള്‍പ്പടെ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി. 33 ജഡ്ജിമാരില്‍ 21 പേരുടെ സ്വത്തുവിവരങ്ങളാണ് നിലവില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സുപ്രധാന നീക്കം ചീഫ് ജസ്റ്റിസ് നടത്തിയത്. സുപ്രീംകോടതി കൊളീജിയത്തിലെ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ജസ്റ്റിസ് കെ.വി.വിശ്വനാഥന് 120.96 കോടി രൂപയുടെ നിക്ഷേപവും ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപവുമുണ്ടെന്ന് കണക്കുകള്‍ പറയുന്നു. വനിതാജഡ്ജിമാരില്‍ ജസ്റ്റിസ് ബേല എം.ത്രിവേദി സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ ജസ്റ്റിസ് ബി.വി.നാഗരത്ന സ്വത്തുവിവരം വെളിപ്പെടുത്തിയട്ടില്ല. നാഗരത്നയ്ക്ക് പുറമെ ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരി, ദിപാങ്കര്‍ ദത്ത, അഹ്സാനുദ്ദിന് അമാനുള്ള, മനോജ് മിശ്ര, അരവിന്ദ് കുമാര്‍,പി.കെ.മിശ്ര, എസ്.സി.ശര്‍മ, പി.ബി.വറാലെ, എന്‍.കോടിശ്വര്‍ സിങ്, ആര്‍.മഹാദേവന്‍, ജോയ്മല്യ ബാഗ്ചി എന്നിവരും സ്വത്തുവിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

സ്വത്തുവിവരങ്ങള്‍ക്ക് പുറമെ ഹൈക്കോടതികളിലെയും സുപ്രീംകോടതികളിലെയും നിയമന പ്രക്രിയ, ഹൈക്കോര്‍ട്ട് കൊളീജിയത്തിന്‍റെ ചുമതല, സംസ്ഥാന– കേന്ദ്രസര്‍ക്കാരുകളുടെ ചുമതലകള്‍, ലഭിച്ച നിര്‍ദേശങ്ങള്‍, സുപ്രീംകോടതി കൊളീജിയത്തിന്‍റെ പരിഗണനയിലുള്ള കാര്യങ്ങള്‍ എന്നിവയും പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.  നവംബര്‍ 9,2022 മുതല്‍ മേയ് 5, 2025വരെ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം  സംബന്ധിച്ച് സുപ്രീംകോടതി കൊളീജിയം എടുത്ത തീരുമാനങ്ങളും ജഡ്ജിമാരെ സംബന്ധിച്ച വിശദമായ വിവരങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 

ENGLISH SUMMARY:

In a major move for transparency, the Supreme Court has published the asset declarations of 21 out of 33 judges, including Chief Justice Sanjiv Khanna. Details now available on the official website.