ടി.പി കേസ് പ്രതികള്‍ക്കും ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനും ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം അടുത്തിടെ വലിയ വിവാദമായിരുന്നു. പ്രതികളുടെയും കുടുംബത്തിന്‍റെയും അപേക്ഷ പരിഗണിച്ചാണ് നിയമാനുസൃതമായി ഇളവിന് ശുപാര്‍ശ ചെയ്യുന്നത് എന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ വാദം. എന്നാല്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ശിക്ഷാ ഇളവ് ലഭിക്കാറില്ല എന്നതാണ് വസ്തുത. എന്തായാലും ശിക്ഷാ ഇളവ് നല്‍കുന്നതില്‍ രാജ്യത്ത് നിലനില്‍ക്കുന്ന വിവേചനം അവസാനിപ്പിക്കാന്‍ സുപ്രിം കോടതി വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അപേക്ഷിച്ചില്ലെങ്കിലും മറ്റ് സ്വാധീനങ്ങളില്ലെങ്കിലും നിയമപരമായി അര്‍ഹതയുള്ള കുറ്റവാളികള്‍ക്കെല്ലാം ശിക്ഷാ ഇളവ് ലഭിക്കാനുള്ള സാധ്യതയാണ് തെളിയുന്നത് .
ജാമ്യവും ശിക്ഷാ ഇളവും സംബന്ധിച്ച നയങ്ങളില്‍ സുപ്രിം കോടതി സ്വമേധയാ ഇടപെട്ടാണ് മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന വിധി പ്രസ്താവിച്ചത്. കുറ്റവാളികളോ ബന്ധുക്കളോ മറ്റാരെങ്കിലുമോ അപേക്ഷ നൽകിയില്ലെങ്കിലും ശിക്ഷാഇളവിന് പരിഗണിക്കാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് വിധി. സംസ്ഥാനത്ത് ശിക്ഷാ ഇളവിന് നയമുണ്ടെങ്കില്‍ കുറ്റവാളിയുടെയോ കുടുംബത്തിന്‍റെയോ അപേക്ഷ ആവശ്യമില്ല. പല സംസ്ഥാനങ്ങളിലും അപേക്ഷ നൽകിയവരെ മാത്രം ശിക്ഷാഇളവിന് പരിഗണിക്കുന്നതിലെ വിവേചനം കണക്കിലെടുത്താണ് വിധി. അപേക്ഷിച്ചവര്‍ക്ക് മാത്രം ഇളവ് നല്‍കുന്നത് ഏകപക്ഷീയവും തുല്യതയുടെ ലംഘനമെന്ന നിലയില്‍ ഭരണഘടനാവിരുദ്ധമാണെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, എ.ജി.മാസി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
നിലവിലെ നിയമം പാലിച്ചാകണം ശിക്ഷായിളവ് പരിഗണിക്കേണ്ടത്. അന്തിമ അനുമതി നല്‍കാനുള്ള അധികാരം ഗവര്‍ണര്‍ക്കോ രാഷ്ട്രപതിക്കോ തന്നെയായിരിക്കും. ശിക്ഷ ഇളവ് നൽകുമ്പോൾ കുറ്റകൃത്യത്തിന്റെ സ്വഭാവം, ഉദ്ദ്യേശ്യം, കുറ്റവാളിയുടെ ക്രിമിനൽ പശ്ചാത്തലം, പൊതു സുരക്ഷ തുടങ്ങിയവ പരിഗണിക്കണം. ഇളവ് നൽകുമ്പോൾ ന്യായമായ വ്യവസ്ഥകൾ ഏർപ്പെടുത്താം, ഇവ ലംഘിച്ചാല്‍ ഇളവ് റദ്ദാക്കാം. ശിക്ഷായിളവിന് നയമില്ലാത്ത എല്ലാ സംസ്ഥാനങ്ങളും രണ്ട് മാസത്തിനുള്ളിൽ സമഗ്രമായ നയം രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.