പ്രതീകാത്മക ചിത്രം
ഹിന്ദു മുസ്‌ലിം വിവാഹം മുസ്‌ലിം വ്യക്തിനിയമപ്രകാരം സാധുവല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. 1954ലെ സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം മിശ്രവിവാഹം രജിസ്റ്റർ ചെയ്യാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. നിയമപ്രകാരം വിവാഹിതരാകാൻ ആഗ്രഹിച്ച് മുസ്‌ലിം യുവാവും ഹിന്ദു യുവതിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
1954ലെ സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം ഇരുവരും വിവാഹിതരായാലും മുസ്‌ലിം നിയമപ്രകാരം വിവാഹമായി പരിഗണിക്കാനാകില്ലെന്ന് ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുസ്‌ലിം നിയമപ്രകാരം വിഗ്രഹാരാധന നടത്തുന്ന അന്യമതത്തില്‍ പെട്ട യുവതിയെ വിവാഹം ചെയ്യുന്നത് തെറ്റാണെന്നും ആ വിവാഹം അസാധുവാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം നിലനില്‍ക്കെ തന്നെ ഇരുവര്‍ക്കും വേണമെങ്കില്‍ സ്‌പെഷ്യൽ മാരേജ് ആക് പ്രകാരം വിവാഹിതരാകാമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
മുസ്‌ലിം യുവാവും ഹിന്ദു യുവതിയും തമ്മിലുളള വിവാഹത്തിന് പെണ്‍കുട്ടിയുടെ കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇരുവരും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ഹര്‍ജി സമര്‍പ്പിച്ചത്. പെണ്‍കുട്ടി മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചാല്‍ സമൂഹം തങ്ങളുടെ കുടുംബത്തെ ഒറ്റപ്പെടുത്തുമെന്ന് കുടുംബാംഗങ്ങള്‍ ആശങ്ക അറിയിച്ചതായും പെണ്‍കുട്ടി പറയുന്നു. ഈ വിവാഹത്തിനായി പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്നും ആഭരണങ്ങള്‍ എടുത്തുകൊണ്ട് പോയെന്ന് പെണ്‍കുട്ടിയുടെ കുടുംബവും ആരോപിച്ചു. അതേസമയം മിശ്ര വിവാഹത്തിനൊരുങ്ങിയെങ്കിലും ഇരുവരും മതം മാറാന്‍ തയ്യാറല്ലെന്ന് പെണ്‍കുട്ടിയുടെയും യുവാവിന്‍റെയും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഹര്‍ജി പരിഗണിച്ച കോടതി, പ്രായപൂർത്തിയായതിനാൽ അവർക്ക് പരസ്പര സമ്മതത്തോടെ ബന്ധം പുലർത്താമെന്നും എന്നാൽ മുസ്‌ലിം നിയമപ്രകാരമുളള വിവാഹ ബന്ധം സാധുവായിരിക്കില്ലെന്നും വ്യക്തമാക്കി.