meerut-image

TOPICS COVERED

സ്ത്രീധനം ചോദിച്ച വരനും വീട്ടുകാര്‍ക്കും വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള കുടുംബം. മഹീന്ദ്ര ഥാർ വേണമെന്ന് വാശിപിടിച്ച വരന്റെ അച്ഛന് മുന്നിലേക്ക് ഒരു കുഞ്ഞു പ്ലാസ്റ്റിക് കളിപ്പാട്ട കാർ നീട്ടി വധുവിന്റെ അച്ഛൻ വിവാഹം തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു.   

മീററ്റിലെ സലോനയിലെ യുവതിയും ഗ്യാൻപൂർ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം അഞ്ച് മാസം മുൻപാണ് ഉറപ്പിച്ചത്. വിവാഹനിശ്ചയ സമയത്ത് തന്നെ വരന്റെ വീട്ടുകാർക്ക് ഒരു ലക്ഷം രൂപയും മറ്റ് സമ്മാനങ്ങളും നൽകിയിരുന്നു.  വിവാഹത്തിന് മുന്നോടിയായുള്ള ക്ഷണക്കത്ത് കൈമാറുന്ന ചടങ്ങിനായി ശനിയാഴ്ച രാവിലെ വരന്റെ അച്ഛനും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്തി. എന്നാൽ, ചടങ്ങുകൾ തുടങ്ങുന്നതിന് മുൻപ് തന്നെ വരന്റെ വീട്ടുകാർ തങ്ങളുടെ തനിനിറം പുറത്തെടുക്കുകയായിരുന്നു. സ്ത്രീധനമായി ഒരു മഹീന്ദ്ര ഥാർ വേണമെന്നായിരുന്നു അവരുടെ ആവശ്യം.

എന്നാല്‍ വരന്റെ വീട്ടുകാരോട് വഴക്കിടാനൊന്നും വധുവിന്റെ അച്ഛന്‍ നിന്നില്ല. പകരം അവരെ രാവിലെ മുതൽ രാത്രി 10 മണി വരെ വീട്ടിൽ ഇരുത്തി. കാർ ഇപ്പോൾ കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്ന വരന്റെ കൂട്ടർക്ക് മുന്നിലേക്ക് രാത്രി 10 മണിയോടെ വധുവിന്റെ അച്ഛൻ ഒരു കളിപ്പാട്ട കാറുമായി എത്തി. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

കളിപ്പാട്ട കാർ വരന്റെ അച്ഛന്റെ കയ്യിൽ വെച്ചുകൊടുത്തുകൊണ്ട് വധുവിന്റെ അച്ഛൻ പറഞ്ഞ വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്, 'ഇതാ പിടിച്ചോ, നിങ്ങൾക്ക് വേണ്ടത് ഒരു മനുഷ്യനെ അല്ല, ഒരു കാറിനെയാണ്. നിങ്ങൾ ചോദിച്ച വണ്ടി ഞങ്ങൾ തന്നിട്ടുണ്ട്. ഇനി ഇത് ഓടിച്ച് സന്തോഷമായി നിങ്ങളുടെ വീട്ടിൽ ഇരുന്നോ. ഞങ്ങൾ ഞങ്ങളുടെ വീട്ടിലും സന്തോഷമായി ഇരുന്നോളാം!' ഇത്രയും പറഞ്ഞ് വിവാഹനിശ്ചയം റദ്ദാക്കിയതായും കല്യാണം വേണ്ടെന്ന് വെച്ചതായും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു.

തങ്ങൾ നൽകിയ സമ്മാനങ്ങളും തിരികെ വാങ്ങി വരന്റെ വീട്ടുകാരെ വെറുംകയ്യോടെ മടക്കി അയച്ച വധുവിന്റെ അച്ഛന്റെ ഈ മാസ് പ്രതികരണത്തിന് സോഷ്യൽ മീഡിയയിൽ വൻ കയ്യടിയാണ് ലഭിക്കുന്നത്. ഇങ്ങനെ വേണം പണക്കൊതിയന്‍മാരോട് പ്രതികരിക്കാനെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. 

ENGLISH SUMMARY:

A bride's father in Meerut, Uttar Pradesh, called off a wedding and handed a small plastic toy car to the groom's family after they demanded a Mahindra Thar as dowry during a pre-wedding invitation visit on Saturday. The engagement between the woman from Salona in Meerut and a man from Gyanpur had been fixed five months earlier, with Rs 1 lakh and gifts already given at engagement. After keeping the groom's side waiting from morning until 10 pm, the bride's father presented the toy car with a viral remark telling them they wanted a car rather than a human being and could drive it at home, before canceling the wedding, reclaiming gifts, and sending them away empty-handed.