yuzvendra-chahal

TOPICS COVERED

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹൽ ബിജെപിയില്‍. പാര്‍ട്ടി അംഗത്വം സ്വീകരിച്ച ചെഹലിനെ പാർട്ടിയുടെ ഒബിസി മോർച്ച ദേശീയ നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായി നിയമിച്ചു. ഒബിസി മോർച്ചയിൽ നടത്തിയ സംഘടനാ പുനഃസംഘടനയുടെ ഭാഗമായാണ് ചെഹലിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനവും. ഇതിനൊപ്പം ഏഴ് ദേശീയ വൈസ് പ്രസിഡന്റുമാർ, മൂന്ന് ദേശീയ ജനറൽ സെക്രട്ടറിമാർ, ഏഴ് ദേശീയ സെക്രട്ടറിമാർ എന്നിവരെയും നിയമിച്ചിട്ടുണ്ട്.

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി ചെഹൽ, രാജ്യസഭാ എംപിയും ബിജെപി ഒബിസി മോർച്ച ദേശീയ അധ്യക്ഷനുമായ അമർപാൽ മൗര്യയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ചെഹൽ എക്സിൽ കുറിപ്പ് പങ്കുവെച്ചു.

'ബിജെപി കുടുംബത്തിൽ എനിക്ക് സ്ഥാനവും ബഹുമാനവും നൽകിയതിന് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി, ആദരണീയനായ ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, ബിജെപി ദേശീയ അധ്യക്ഷൻ ശ്രീ നിതിൻ നബിൻ ജി, ഒബിസി മോർച്ച ദേശീയ അധ്യക്ഷൻ ശ്രീ അമർപാൽ മൗര്യ ജി എന്നിവരോട് ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു,' ചഹല്‍ കുറിച്ചു. 

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ചെഹൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.  ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്ന തന്റെ സ്വപ്നം ഒരുപക്ഷേ ഇനി സഫലമായേക്കില്ലെന്നും എങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിൽ കളി തുടരാൻ തന്നെയാണ് തീരുമാനമെന്നും ചെഹൽ വ്യക്തമാക്കിയിരുന്നു.

ഇന്ത്യക്കായി 72 ഏകദിനങ്ങളും 80 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള യുസ്‌വേന്ദ്ര ചെഹലിന്, ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. ഇന്ത്യൻ ടീമിൽനിന്നും കുറച്ചുകാലമായി താരം പുറത്താണ്. 2023 ഓഗസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന ട്വന്റി20 മത്സരത്തിലാണ് ചെഹൽ അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്. 2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല. ഇതിനുശേഷം ടീമിൽ ഇടം പിടിച്ചിട്ടുമില്ല.

ENGLISH SUMMARY:

Indian cricketer Yuzvendra Chahal has officially entered politics by joining the Bharatiya Janata Party (BJP). Following an organizational reshuffle, he has been appointed as a special invitee to the BJP OBC Morcha National Executive Committee. Chahal met with OBC Morcha National President Amarpal Maurya in Delhi prior to the announcement and later expressed his gratitude on X to Prime Minister Narendra Modi, Home Minister Amit Shah, and BJP National President Nitin Nabin. The political move comes shortly after the leg-spinner announced his retirement from first-class cricket in October, though he intends to continue playing white-ball cricket.