അന്തരിച്ച ടിവികെ എംഎല്‍എ വി.എസ്. ബാബുവിന്റെ അന്ത്യയാത്രയിൽ വൈകാരിക രംഗങ്ങള്‍. ചടങ്ങുകള്‍ക്കെത്തിയ മുഖ്യമന്ത്രി ജോസഫ് വിജയ് സഹപ്രവർത്തകർക്കൊപ്പം എം.എൽ.എയുടെ മൃതദേഹം ചുമലിലേറ്റിയത് കണ്ട് പ്രവര്‍ത്തകരുടേയും ബന്ധുക്കളുടേയും കണ്ണ് നിറഞ്ഞു. പെരമ്പൂരിലുള്ള ബാബുവിന്റെ വസതിയിലെത്തിയ വിജയ് അന്തിമോപചാരം അർപ്പിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. വിജയ്‌യുടെ കൈകളിൽ പിടിച്ച് കുടുംബാംഗങ്ങൾ പൊട്ടിക്കരഞ്ഞു. 

വിലാപയാത്ര ആരംഭിച്ചപ്പോൾ ബാബുവിന്റെ കാൽതൊട്ട് വന്ദിച്ച വിജയ്, മൃതദേഹം തോളിലേറ്റി വാഹനത്തിനടുത്തേക്ക് നടന്നു. മൃതദേഹം വാഹനത്തിലേക്ക് മാറ്റിയതിന് ശേഷവും വിജയ് ചെരിപ്പിടാതെ വാഹനത്തിനൊപ്പം നടക്കുകയും ചെയ്തു.

ഹൃദയാഘാതത്തെ തുടർന്ന് നവംബർ 19-ന് ചെന്നൈയിലെ എം.ജി.എം ഹെൽത്ത്‌കെയർ ആശുപത്രിയിലാണ് വി.എസ്. ബാബു മരിച്ചത്. 75 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് സെപ്റ്റംബർ 9-ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം 70 ദിവസത്തിലധികമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ 8,795 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ ബാബു സംസ്ഥാനത്തൊട്ടാകെ ശ്രദ്ധ നേടിയിരുന്നു. ബാബുവിന്റെ നിര്യാണത്തിൽ ടി.വി.കെ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുകയും പാർട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കുകയും ചെയ്തു. ഗവർണർ ആർ.വി. അർലേക്കർ, എം.കെ. സ്റ്റാലിൻ, എടപ്പാടി കെ. പളനിസ്വാമി, വൈക്കോ തുടങ്ങിയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

ENGLISH SUMMARY:

Emotional scenes unfolded at the funeral of late TVK MLA V.S. Babu as Tamil Nadu Chief Minister Joseph Vijay carried the legislator's mortal remains on his shoulders alongside party workers. Visiting Babu’s residence in Perambur to console the grieving family, Vijay touched the late leader's feet before carrying his body and walking barefoot beside the funeral vehicle. The 75-year-old MLA, who famously defeated DMK chief M.K. Stalin in Kolathur by 8,795 votes, passed away on November 19 at Chennai's MGM Healthcare following a cardiac arrest after over 70 days in intensive care for respiratory illness. Following his demise, TVK declared a seven-day mourning period and cancelled all official party events, while Governor R.V. Arlekar, M.K. Stalin, Edappadi K. Palaniswami, and Vaiko offered their condolences.