ഒരുരാജ്യത്തെ ഗതാഗത മേഖല എത്രവളര്‍ന്നെന്നറിയാന്‍ അവിടുത്തെ ട്രെയിനുകളുടെ  വേഗതയെത്രയെന്ന് നോക്കിയാല്‍ മതിയെന്നാണ് പൊതുവേ പറയുന്നത്. മുന്നൂറും നാനൂറും കിലോമീറ്റര്‍ വേഗതയിലോടുന്ന  ജപ്പാനിലെ  ഷിങ്കാന്‍സെന്‍ ബുള്ളറ്റ് ട്രെയിന്‍  തന്ന ഉദാഹരണം. ഇന്ത്യയില്‍ ഇതിനൊരു തുടക്കമായിരുന്നു വന്ദേ ഭാരത്. പക്ഷേ റെയില്‍വേ ട്രാക്കുകള്‍ ഒരിടത്തും മാറിയില്ല. ഇതിനിടയിലാണ് രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ വരാന്‍ പോകുന്നെന്ന വാര്‍ത്ത പുറത്തുവരുന്നത്. 

2027 ആഗസ്റ്റ് 15ന് മുംബൈ മുതല്‍ അഹമ്മദാബാദ് വരെയുള്ള പാതയിലൂടെ ഇന്ത്യയിലെആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വാര്‍ത്തയ്ക്ക് പിന്നാലെ വെള്ളയും കാവിയും കലര്‍ന്ന ഒരു ബുള്ളറ്റ് ട്രെയിനും വഹിച്ചു കൊണ്ടുപോകുന്ന ഒരു ലോറിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതാണ് 2027ല്‍ രാജ്യത്തിറങ്ങാന്‍ പോകുന്ന ബുള്ളറ്റ് ട്രെയിന്‍ എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ബിജെപി ഹാന്‍ഡിലുകളടക്കം വാദമുന്നയിക്കുന്നത്. ട്രെയിനിന് കാവിനിറം കൊടുത്ത് വര്‍ഗീയത പ്രചരിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നതടക്കം വിമര്‍ശനങ്ങള്‍ വിഡിയോയ്ക്ക് താഴെ ഉണ്ട്. 

എന്നാല്‍ ഈ ട്രെയിന്‍ ഇന്ത്യയുടേതല്ല എന്നതാണ് സത്യാവസ്ഥ. ജപ്പാനില്‍ നിന്നും തായ്‌വാനില്‍ ഇറക്കിയ N700ST എന്ന ബുള്ളറ്റ് ട്രെയിന്‍ കാഹ്സിയുങ് തുറമുഖത്ത് നിന്നും ലോഡ് ചെയ്യുന്ന ദൃശ്യങ്ങളാണിവ.

മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും പ്രധാന സാമ്പത്തിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന 508 കിലോമീറ്റർ നീളമുള്ള പാതയാണ് ഇന്ത്യയില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പാതയാകുക. 2027 ഓഗസ്റ്റിൽ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ റൂട്ടിന്റെ പൂർണ്ണമായ നിർമ്മാണം 2030 ഡിസംബറോടെ പൂർത്തിയാകും.

ENGLISH SUMMARY:

India first bullet train is scheduled to launch by August 2027 connecting Mumbai and Ahmedabad. A viral video claiming to show the new Indian bullet train actually depicts a Japanese Shinkansen N700ST train in Taiwan.