tamil-new

TOPICS COVERED

കോയമ്പത്തൂര്‍ പെരിയാര്‍ ലൈബ്രറിയില്‍ പുസ്‌തകം വാങ്ങിയതിലെ അഴിമതി ആരോപണത്തെ ചൊല്ലി തമിഴ്‌നാട്ടില്‍ വിവാദം. മുന്‍ സര്‍ക്കാര്‍ പെരിയാറിന്‍റെ പേരില്‍ അഴിമതി നടത്തിയെന്ന് മുഖ്യമന്ത്രി വിജയ് ആരോപിച്ചു.  തെറ്റായ വിവരങ്ങളടങ്ങിയ പുസ്തകങ്ങളാണ് ലൈബ്രറിക്കായി വാങ്ങിയതെന്ന എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍റെ ആരോപണവും ചര്‍ച്ചയ്ക്ക് വഴിവച്ചു.

തമിഴ്‌നാടിനായി ഒരു വിജ്ഞാന ലോകം എന്ന ലക്ഷ്യത്തോടെ ഡി എം കെ സർക്കാർ നിർമ്മിച്ചതാണ് കോയമ്പത്തൂരിലെ പെരിയാർ അറിവുലഗം. വിദ്യാർത്ഥികളിലും യുവാക്കളിലും വായന, ശാസ്ത്ര ചിന്ത, യുക്തിചിന്ത, ബൗദ്ധിക വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത് സ്ഥാപിച്ചത്. പദ്ധതി പൂർത്തിയാക്കിയത് ഡി എം കെ സർക്കാർ ആണെങ്കിലും ഉദ്ഘാടനം ചെയ്തു ലൈബ്രറി തുറന്നു കൊടുത്തത് വിജയ് സർക്കാർ ആണ്. എന്നാൽ ഈ ലൈബ്രറിയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പുതിയ വിവാദം. 

ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലാണ് എഴുത്തുകാരൻ പെരുമാൾ മുരുകന്‍ പെരിയാർ ലൈബ്രറിയിലെ പുസ്തക വാങ്ങലിൽ ക്രമക്കേട് ആരോപിച്ചത്. ഡി.എം.കെ സർക്കാരിന്‍റെ കാലത്ത് കോയമ്പത്തൂരിലെ പെരിയാർ  ലൈബ്രറിയിലേക്ക് 1,800 പുസ്‌തകങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്നായിരുന്നു ആരോപണം.

 350 രൂപ വിപണി വിലയുള്ള പുസ്‌തകം മൂന്നിരട്ടി വില നല്‍കിയാണ് വാങ്ങിയിരിക്കുന്നതെന്നും പുസ്തകങ്ങളിലെ ഐഎസ്ബിഎന്‍   നമ്പറുകൾ വ്യാജമാണെന്നും എഐ ഉപയോഗിച്ച് നിർമ്മിച്ച ഉള്ളടക്കമാണെന്നും വ്യാജ പ്രസാധകരുടെ പേരിലാണ് പുസ്‌തകമെന്നും പെരുമാള്‍ മുരുകന്‍ ആരോപിച്ചു. 

പുസ്തകങ്ങളിൽ തെറ്റായ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. ലേഖനം പുറത്തുവന്നതോടെ പെരിയാറിന്‍റെ പാരമ്പര്യത്തെ ആദരിക്കുന്ന സ്ഥാപനത്തിന്‍റെ വീഴ്ചകൾക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. സംഭവം ഡിഎംകെ കാലത്ത് നടന്നതാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്‌ രംഗത്തെത്തി. കാലങ്ങളായി പെരിയാറിന്‍റെ പേര് വച്ച് അഴിമതി നടത്തുന്നവരാണ് ഡി.എം.കെയെന്ന് വിജയ് പ്രതികരിച്ചു. വ്യാജ പുസ്തകങ്ങൾ ഉടൻ തിരിച്ചെടുത്ത് തെരുവിലിട്ട് കത്തിക്കണമെന്നും തട്ടിപ്പ് നടത്തിയ പ്രസാധകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. അതേസമയം ക്രമക്കേട് നടന്നത് ടിവികെ ഭരണകാലത്താണെന്ന് ഡിഎംകെ തിരിച്ചടിച്ചു. വ്യാജ പ്രാസാധകരുടെ പുസ്‌തകം വാങ്ങിയത് എപ്പോഴാണെന്നും ആരാണ് അനുമതി നല്‍കിയതെന്നും കമ്മിഷന്‍ വാങ്ങിയത് ആരാണെന്നും ചോദിച്ച ഡിഎംകെ അന്വേഷണവും ആവശ്യപ്പെട്ടു.

Periyar Library Coimbatore controversy emerges as a major political flashpoint in Tamil Nadu following corruption allegations over book purchases.: