നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കാനിരിക്കുന്ന ചലോ ദില്ലി മാർച്ചിലേക്ക് ജനങ്ങളെ ക്ഷണിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാർഥികൾ, കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, യുവാക്കൾ, വ്യാപാരികൾ തുടങ്ങി ജനാധിപത്യത്തെയും ഭരണഘടനയെയും സ്നേഹിക്കുന്ന എല്ലാവരും മാർച്ചിൽ അണിചേരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പൊലീസിനെയോ ലാത്തിയെയോ ഭയക്കേണ്ടതില്ലെന്നും അത്തരം നടപടികൾ സ്വീകരിക്കാനുള്ള ധൈര്യം ബിജെപിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയെയും ഭരണഘടനയെയും സംരക്ഷിക്കാൻ എല്ലാവർക്കും ഒന്നിച്ച് പോരാടാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ മാർച്ചല്ലെന്നും ഇന്ത്യയുടെ ആത്മാവിനുവേണ്ടിയുള്ള പ്രതിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദി, അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നിവരുടെ നടപടികളിൽ അതൃപ്തിയുള്ളവരും ജാതി-മത ഭേദമന്യേ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരും മാർച്ചിന്റെ ഭാഗമാകണമെന്ന് രാഹുൽ ഗാന്ധി അഭ്യർഥിച്ചു. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘ഏത് രാഷ്ട്രീയ പാർട്ടിയോട് ആഭിമുഖ്യമുള്ളവരായാലും എല്ലാ വിദ്യാർഥി സംഘടനകളോടും ഞാൻ അഭ്യർഥിക്കുകയാണ്. ഇന്ത്യ ആക്രമിക്കപ്പെടുകയാണെന്നും നിങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും ആശയങ്ങൾക്കും ചിന്താഗതികൾക്കും നേരെ ആക്രമണം നടക്കുകയാണെന്നും നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ ഞങ്ങളോടൊപ്പം ചേരുക. രാജ്യത്തിന്റെ ആത്മാവിനുവേണ്ടിയുള്ള ഗംഭീരമായ മാർച്ചായിരിക്കും ഇത്,’ രാഹുൽ ഗാന്ധി പറഞ്ഞു.

സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് രാഹുൽ ഗാന്ധി മാർച്ചിൽ പങ്കെടുക്കാൻ ജനങ്ങളെ ക്ഷണിച്ചത്. ജനാധിപത്യം സംരക്ഷിക്കുക, വോട്ട് മോഷണം തടയുക, ഭരണഘടന സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇന്ത്യാ സഖ്യം മാർച്ച് സംഘടിപ്പിക്കുന്നത്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടപടിയാവശ്യപ്പെട്ടുമാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

ENGLISH SUMMARY:

Rahul Gandhi Chalo Delhi March aims to protect the Indian constitution and democracy while inviting citizens to join the protest at Ramlila Maidan. This significant political event addresses voter list irregularities and calls for unity among students, farmers, and workers across the nation.