ആന്ധ്രാപ്രദേശില്‍ മുന്‍മന്ത്രിയെ ബലപ്രയോഗത്തിലൂടെ തള്ളിയിട്ട് പൊലീസ്. പൽനാട് ജില്ലയിലുള്ള ചിലകലൂരിപ്പേട്ടിലാണ് മുൻ മന്ത്രിയും വൈ.എസ്.ആർ.സി.പി നേതാവുമായ വിഡദല രജനിയെ പൊലീസ് ഉദ്യോഗസ്ഥ തള്ളി താഴെയിട്ടത്. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 

രജനിയുടെ വീടിന് പുറത്തുവെച്ചാണ് ഈ സംഭവം നടന്നത്. വൈ.എസ്.ആർ.സി.പി നേതാവും യാദ്ലപ്പാട് സ്ഥാനാർത്ഥിയുമായ പാണ്ഡുല ബുള്ളബ്ബായിയെ പൊലീസ് രജനിയുടെ വീട്ടിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയ്ക്കുള്ള രേഖകൾ വാങ്ങാൻ വന്ന തന്റെ അതിഥിയെ എന്തിനാണ് തടയുന്നതെന്ന് ചോദിച്ച് രജനി പുറത്തേക്ക് വന്നതോടെ പൊലീസുമായി കടുത്ത വാക്കേറ്റമുണ്ടായി. 

ഈ വാക്കുതർക്കത്തിനിടയിൽ, ചിലകലൂരിപ്പേട്ട് റൂറൽ സബ് ഇൻസ്പെക്ടർ പ്രിയങ്ക രജനിയെ തള്ളുകയും അവർ നിലത്തു വീഴുകയും ചെയ്തു. തന്നെ എന്തിനാണ് തടയുന്നതെന്നും നിനക്ക് ഭ്രാന്ത് പിടിച്ചോ എന്നും പൊലീസ് ഉദ്യോഗസ്ഥയോട് രജനി ചോദിക്കുന്നുണ്ട്. മൂർച്ചയുള്ള ഒരു കല്ലിന് മുകളിലേക്ക് അവരെ തള്ളിയിടാനാണ് പോലീസ് ഉദ്യോഗസ്ഥ ശ്രമിച്ചതെന്ന് വൈ.എസ്.ആർ.സി.പി ആരോപിച്ചു. വൈ.എസ്.ആർ.സി.പി ഈ വഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 

ഭരണകക്ഷിയായ തെലുങ്ക് ദേശം പാർട്ടിയുടെ നിർദ്ദേശപ്രകാരം തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് തടയാൻ പൊലീസ് നിയമവിരുദ്ധമായി വീട്ടുതടങ്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയാണെന്ന് വൈ.എസ്.ആർ.സി.പി ആരോപിച്ചു. സംഭവത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും, എസ്.ഐ പ്രിയങ്കയെ ഉടനടി സസ്പെൻഡ് ചെയ്യണമെന്നും, പ്രതിപക്ഷ സ്ഥാനാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും പാർട്ടി ആവശ്യപ്പെട്ടു. പൊലീസിന്റെ പെരുമാറ്റത്തിന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് ഉത്തരവാദിയെന്നും അവർ കുറ്റപ്പെടുത്തി.

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് സംഘർഷങ്ങൾ ഒഴിവാക്കാനും ക്രമസമാധാനം നിലനിർത്താനുമുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പ്രദേശത്ത് കനത്ത പൊലീസ് കാവലും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. 

ENGLISH SUMMARY:

Former Andhra Pradesh minister and YSRCP leader Vidadala Rajani was forcefully pushed to the ground by a police sub-inspector outside her residence in Palnadu district. The altercation broke out after police barred a YSRCP candidate from entering her home to collect documents for local election nomination papers. During the heated verbal exchange, Sub-Inspector Priyanka shoved Rajani, causing her to fall near a sharp stone. The YSRCP has strongly condemned the incident as a politically motivated crackdown by the ruling party and demanded the immediate suspension of the officer.