lawrence-bishnoi-salman-tiger

Image: unfiltered_india_0/instagram

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയ് ഗ്യാങ് ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍. ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ള അനിൽ പണ്ഡിറ്റാണ് ഷ്രോഫിന് നേരെ നടന്ന വെടിവയ്പ്പിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. നിലവിൽ വിദേശത്ത് കഴിയുന്നതായി പറയപ്പെടുന്ന ഗ്യാങ്സ്റ്റർമാരായ അനിൽ പണ്ഡിറ്റും ഹർമാൻ സന്ധുമാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ന് വൈകീട്ട് മുംബൈയിലെ ജുഹുവില്‍ വച്ചാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ട് വെടിവെയ്പ്പ് നടത്തിയത്. ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് മടങ്ങുകയായിരുന്നു താരം. ആക്രമണത്തിൽ താരത്തിന്റെ ഡ്രൈവർക്ക് കയ്യിൽ പരിക്കേറ്റെങ്കിലും ടൈഗർ ഷ്റോഫ് പരിക്കുകളൊന്നുമില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

വെടിവെയ്പ്പ് നടന്ന് അധികം വൈകാതെ പുറത്തുവന്ന ഒരു ഓഡിയോ സന്ദേശമാണ് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിച്ചത്. ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്ങിന് വേണ്ടി സംസാരിക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള അനിൽ പണ്ഡിറ്റിന്‍റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സൽമാൻ ഖാനുമായി ചേർന്നു പ്രവർത്തിക്കുന്നവരെയും തങ്ങളുടെ നിർദ്ദേശങ്ങൾ അവഗണിക്കുന്നവരെയും ലക്ഷ്യമിടുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്.

‘സിനിമ ഇൻഡസ്ട്രിയിൽ ആരെങ്കിലും ഞങ്ങളുടെ വിലക്ക് ലംഘിച്ചോ സൽമാൻ ഖാനൊപ്പമോ പ്രവർത്തിച്ചാൽ അവരെ ഞങ്ങൾ വധിക്കും. ഇത് ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണ്’ എന്ന് ഓഡിയോയിൽ പറയുന്നു. സൽമാൻ ഖാനെതിരെ കടുത്ത അധിക്ഷേപങ്ങളും സന്ദേശത്തിലുണ്ട്. സൽമാൻ ഖാനുമായി ബന്ധമുള്ള ആർക്കും ഇളവ് ലഭിക്കില്ലെന്നും ഇയാള്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്.

1998-ലെ കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ട് ബിഷ്‌ണോയ് സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്ങിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ള താരമാണ് സൽമാൻ ഖാൻ. ഇപ്പോള്‍ ടൈഗര്‍ ഷ്റോഫിനെതിരെയുള്ള അക്രമണത്തിന്‍റെയും ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയ് ഗ്യാങ് ഏറ്റെടുത്ത് രംഗത്തെത്തിയത് ബോളിവുഡിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പത്തിലേറെ സംഘങ്ങളെ നിയോഗിച്ച് സി.സി.ടി.വി ദ്യശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പൊലീസ് ഉന്നതോദ്യോഗസ്ഥരില്‍നിന്ന് സംഭവത്തിന്‍റെ വിവരം തേടി.

ENGLISH SUMMARY:

Reports indicate that the Lawrence Bishnoi gang has claimed responsibility for the recent shooting targeting Bollywood actor Tiger Shroff in Mumbai. The attack, carried out by three bike-borne assailants near a Juhu football ground, left the actor's driver injured while Tiger Shroff escaped unhurt. An audio message released by gang associate Anil Pandit explicitly threatened anyone working with Salman Khan or defying their warnings. This development has heightened security concerns across Bollywood, prompting Mumbai Police to intensify their ongoing investigation and tighten security for film personalities.